പി രാജീവ്‌


സ.പി രാജീവ്
നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാർ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ‌് ശ്രീധരൻപിള്ള ആവർത്തിച്ച് ആരോപിക്കുന്നുണ്ട്.  ശ്രീധരൻപിള്ളയുടെ വാക്കുകളിൽ കടുത്ത വർഗീയവാദിയുടെ സ്വരം ഭയപ്പെടുത്തുന്ന രൂപത്തിൽ പ്രതിഫലിക്കുന്നു.

 ശബരിമലയിലെ ക്രമസമാധാന പരിപാലനത്തിന് ഒന്നിലധികം തവണ ബഹുമതി നേടിയ ഒരു പൊലീസ‌് ഉദ്യോഗസ്ഥന്റെ മതം പറഞ്ഞ് വർഗീയചേരിതിരിവിനായി കേന്ദ്രഭരണകക്ഷിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രമിക്കുന്നു. അതിന‌് ചുവടുപിടിച്ച് ചാനൽചർച്ചയിലെ അവതാരകന്റെ പേരിലെ മതസൂചന ആവർത്തിച്ച് സംഘപരിവാർ പ്രതിനിധി പറഞ്ഞുകൊണ്ടേയിരിക്കുന്നു. വർഗീയകലാപത്തിന് ശബരിമലയെ വേദിയാക്കുന്നതിനാണ് ഇവർ ആസൂത്രിതമായി ശ്രമിക്കുന്നത‌്.

അവസാന പ്രവർത്തകനും പോരാടുമെന്ന് വൈകാരികമായി പ്രസംഗിച്ച് കലാപാഹ്വാനം നൽകിയത് ശ്രീധരൻപിള്ളയാണ്. അതിനായി തയ്യാറാക്കിയ സംഘത്തെ നയിച്ചത് ശോഭ സുരേന്ദ്രനാണ്. ലക്ഷക്കണക്കിനു യുവതികൾ അംഗങ്ങളായ ഇടതുപക്ഷ സംഘടനകൾ ഒന്നുംതന്നെ അവരെ ശബരിമലയിൽ കൊണ്ടുപോകാൻ ശ്രമിച്ചില്ല. ആരാധനാലയങ്ങളിൽ ആളുകളെ കൊണ്ടുപോകുന്ന ഉത്തരവാദിത്തം ഈ സംഘടനകൾക്കില്ല. അവിടെ എത്തിയ യുവതികളിൽ ഒരാൾ കോൺഗ്രസ് സ്ഥാനാർഥിയായി ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച വ്യക്തിയാണ്.

ക്ഷേത്രത്തിൽ പോകണോ വേണ്ടയോ എന്നത് വിശ്വാസി തീരുമാനിക്കേണ്ട കാര്യമാണ്. അതിൽ കമ്യൂണിസ്റ്റുകാർ ഇടപെടാറില്ല. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ട‌് ചെയ്യുന്നവരാണ‌് വിശ്വാസികളിൽ മഹാഭൂരിപക്ഷവും. അവർക്കുമാത്രമല്ല, എല്ലാ വിശ്വാസികൾക്കും അവരവരുടെ വിശ്വാസങ്ങൾക്ക് അനുസൃതമായി ജീവിക്കാനുള്ള അവകാശത്തിനായി നിലകൊള്ളുന്ന പാർടിയാണ് സിപിഐ എം. പാർടി നയിച്ച ഒരു സർക്കാരും വിശ്വാസത്തിൽ ഇടപെടാൻ ശ്രമിച്ചിട്ടില്ല. എന്നുമാത്രമല്ല, എൽഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡുകളാണ് ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനായി നിലകൊണ്ടിട്ടുള്ളത്.

യഥാർഥത്തിൽ ശബരിമലയെ തകർക്കുന്നതിനായി കലാപം നടത്തുന്നത് ബിജെപിയാണ്.  ദേശീയതലത്തിൽ ആസൂത്രണം ചെയ‌്ത അജൻഡയാണ് ഇപ്പോൾ നടപ്പാക്കുന്നത്. കേസുകൊടുത്തവരിൽ ചിലർക്കുള്ള ആർഎസ്എസ്  ബന്ധം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ആചാരം സംരക്ഷിക്കുന്നതിൽ ഒട്ടും വിട്ടുവീഴ‌്ചയില്ലെന്ന‌് ഇപ്പോൾ ആണയിടുന്ന ബിജെപി എന്തുകൊണ്ട് കേസിൽ കക്ഷിചേർന്നില്ല? പരസ്യമായി എന്തുകൊണ്ട് അനുകൂലിച്ചു? വിധി വന്നപ്പോൾ ആർഎസ്എസിന്റെ അഖിലേന്ത്യാ നേതൃത്വം വിധിയെ പരസ്യമായി സ്വാഗതംചെയ‌്തു. അതിന‌് ചുവടുപിടിച്ച് ശ്രീധരൻപിള്ളയും സംഘവും നിലപാട് എടുത്തു.

എന്നാൽ, വർഗീയ ധ്രുവീകരണത്തിനായുള്ള സാധ്യതയുണ്ടാകാമെന്നു കരുതി ബിജെപി നേരെ മറുകണ്ടം ചാടി. അവർ വിധിക്കെതിരെ അവസാന ശ്വാസംവരെയും പൊരുതുമെന്ന് പ്രഖ്യാപിച്ചു. എഐസിസിയുടെ ഔദ്യോഗിക നിലപാടിനെ തള്ളി പ്രതിപക്ഷ നേതാവ് ചെന്നിത്തലയും സംഘവും ബിജെപി നിലപാടിനോടൊപ്പം ചേർന്ന് സമരം പ്രഖ്യാപിച്ചു. ശബരിമല നട തുറക്കുന്നതിനുമുമ്പായി ഇരുകൂട്ടരും ആയുധങ്ങളുമായി ആക്രമണം നടത്തി.

കഠിനമായ വ്രതത്തിനുശേഷം ഭക്തർ ദർശനം നടത്തുന്ന ശബരിമലയിൽ എല്ലാ വ്രതങ്ങളെയും പരിഹസിക്കുന്ന രൂപത്തിൽ ഈ സംഘം അഴിഞ്ഞാടി. കറുത്ത മുണ്ട് ധരിച്ച്‌ ശരണം വിളിച്ച് കല്ലെറിയുന്നവർ ആചാരങ്ങളെമാത്രമല്ല വിശ്വാസത്തെതന്നെ അപമാനിക്കുകയാണ് ചെയ‌്തത‌്. ഇവർ ശബരിമലയെ തകർക്കാൻ എല്ലാ ഒരുക്കവും നടത്തുന്നു. ഒരു വെടിവയ‌്പ് എങ്ങനെയെങ്കിലും ക്ഷണിച്ചുവരുത്തി  വിമോചനസമര രക്തസാക്ഷിയായി പുതിയ ഫ്ലോറിയെ കിട്ടുമോയെന്നാണ് നോക്കുന്നത്.

കലാപത്തിന് നേതൃത്വം നൽകുന്ന ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ, എല്ലാവിധത്തിലുള്ള സുരക്ഷയും ഏർപ്പെടുത്തി സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന്  സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ സംസ്ഥാന സർക്കാരിനെ ഓർമിപ്പിക്കുന്നതും മറുവശത്ത് ആ ഉത്തരവാദിത്തം നടപ്പാക്കാതിരിക്കാൻ കലാപം നടത്തുന്നതും ഇരുതലമൂർച്ചയുള്ള ആയുധം പ്രയോഗിക്കാനുള്ള ശ്രമമാണ്.

ഇത്തരം കാര്യങ്ങൾ തിരിച്ചറിയാതെ ആചാരം മാറിയാൽ തങ്ങൾക്കും നാടിനും ദോഷമുണ്ടാകുമെന്നു കരുതി പ്രതിഷേധിക്കുന്ന യഥാർഥ വിശ്വാസികളുണ്ട്.  അവരുടെ വിശ്വാസത്തെ മുതലെടുക്കാൻ കഴിയുമോ എന്നാണ് ആർഎസ്എസ് നോക്കുന്നത്. ഒരു ഓർഡിനൻസ് കൊണ്ടുവന്ന് സർക്കാരിന‌് തൽക്കാലം ഈ  സാഹചര്യം ഒഴിവാക്കാൻ ശ്രമിച്ചുകൂടേയെന്ന് ചോദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ഏതെങ്കിലും സർക്കാർ ഉത്തരവ് ചട്ടത്തിന് അനുസരിച്ചല്ലെന്നു കണ്ടാണ് കോടതി റദ്ദാക്കുന്നതെങ്കിൽ ചട്ടം പാലിച്ച് അതേ കാര്യം സർക്കാരിന‌് തീരുമാനമെടുക്കാം. ഒരു ചട്ടമാണ് സുപ്രീംകോടതി റദ്ദാക്കുന്നെതെങ്കിൽ പുതിയ നിയമം പാസാക്കി അതിനെ മറികടക്കാം. ഭരണഘടനാവിരുദ്ധമാണെന്ന‌് സുപ്രീംകോടതിതന്നെ വിധിച്ച കാര്യത്തിൽ അതിനെ മറികടക്കാൻ ഓർഡിനൻസുകൊണ്ടോ നിയമനിർമാണംകൊണ്ടോ കഴിയുകയില്ല.

പിന്നെ ഭരണഘടനതന്നെ ഭേദഗതി ചെയ്യേണ്ടിവരും. അതിന് എന്തായാലും സംസ്ഥാന സർക്കാരിന‌് കഴിയില്ലെന്നു വ്യക്തം. ഭരണഘടനാ ഭേദഗതിയും ഭരണഘടനയുടെ അടിസ്ഥാനശിലകളെ ബാധിക്കുന്നതാകരുതെന്ന് കേശവാനന്ദഭാരതി കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നുമാത്രമല്ല, മൗലികാവകാശങ്ങൾ ഭേദഗതിചെയ്യാൻ പാർലമെന്റിന‌് അധികാരമില്ലെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 13 പ്രഖ്യാപിക്കുന്നുണ്ട‌്.  സർക്കാരുകളും നിയമനിർമാണസഭകളും നിസ്സഹായമായ ഒരു പ്രശ്നം സമരം നടത്തി മാറ്റാൻ കഴിയില്ല. അപ്പോൾപ്പിന്നെ റിവ്യൂ ഹർജി നൽകലല്ലാതെ മറ്റു മാർഗങ്ങളില്ല. ഇതറിയാവുന്ന ശ്രീധരൻപിള്ളയും ബിജെപിയും റിവ്യൂ ഹർജി നൽകാൻ തയ്യാറുമല്ല.

സുപ്രീംകോടതിയുടെ പല വിധികളും നടപ്പാക്കാത്ത സംസ്ഥാന സർക്കാർ ശബരിമലയുടെ കാര്യത്തിൽമാത്രം പിടിവാശിയെടുക്കുന്നത് ഹിന്ദുവിരുദ്ധമായ സമീപനംകൊണ്ടുമാത്രമാണെന്ന് ചിലർ പ്രചരിപ്പിക്കുന്നു. നിയമനങ്ങളുടെ കാര്യത്തിലും ചട്ടങ്ങളുടെ കാര്യത്തിലും ഉണ്ടാകുന്ന കോടതി വിധികൾ മറികടക്കാൻ സർക്കാരുകൾക്ക് വേണമെങ്കിൽ കഴിയുമെന്ന കാര്യം നേരത്തെ സൂചിപ്പിച്ചു.

റോഡുകൾ ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്ന കാര്യത്തിൽ സർക്കാരിന‌് തീരുമാനമെടുക്കാൻ കഴിയും. അതിൽ ഭരണഘടനാ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. എന്നാൽ, ചിലർ ഓർത്തോഡോക‌്സ‌് സഭയും യാക്കോബ സഭയും തമ്മിലുള്ള തർക്കത്തിലുണ്ടായ സുപ്രീംകോടതി വിധി നടപ്പാക്കുന്നില്ല എന്നത് ന്യൂനപക്ഷ പ്രീണനമാണെന്നും പ്രചരിപ്പിക്കുന്നു. രണ്ടു ഭാഗത്തും ന്യൂനപക്ഷങ്ങൾതന്നെയായതുകൊണ്ട് പ്രീണനം എങ്ങനെയാണ് വരുന്നത്.

ഭരണഘടനയുടെ മൗലികാവകാശത്തിന്റെ പ്രശ്നമല്ല ഈ കേസിൽ സുപ്രീംകോടതി പരിശോധിച്ചത്. പള്ളികളുടെ ഉടമസ്ഥതയുടെ കാര്യത്തിലും മറ്റും മലങ്കര സഭയുടെ 1934ലെ ഭരണഘടന പള്ളികൾക്ക് ബാധകമാകുമോ എന്നതാണ്. ദശകങ്ങളായി പല കോടതികളിലായി നടന്ന സിവിൽ വ്യവഹാരത്തിന്റെ അവസാനമാണ് സുപ്രീംകോടതി വിധി. നാലു പള്ളികളുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി 2017ൽ വിധി പ്രഖ്യാപിക്കുന്നത്. ഈ വിധിയുടെ അടിസ്ഥാനത്തിൽ കേസിലുണ്ടായിരുന്ന പള്ളികൾ മാത്രമല്ല ആറു പള്ളികളിൽ മാറ്റമുണ്ടായി.

കേസിലെ വിധി എല്ലാ സഭാതർക്കങ്ങൾക്കും ബാധകമാണെന്ന് സുപ്രീംകോടതിതന്നെ വ്യാഖ്യാനിച്ചതോടെയാണ് മറ്റു പള്ളികളിലും ഈ വിധിക്കനുസരിച്ച് മാറ്റമുണ്ടായത്. പിന്നീട് ഉയർന്നുവന്ന പിറവം പള്ളിയുടെ കാര്യത്തിൽ കേസ് വരികയും അതിലും നേരത്തെയുള്ള വിധി ആവർത്തിക്കുകയും ചെയ‌്തു. ഇതു സംബന്ധിച്ച് നിലവിലുള്ള വ്യവഹാരങ്ങൾ അവസാനിപ്പിച്ച് വിധി നടപ്പാക്കേണ്ടതുണ്ട്.
ഈ കേസ് സർക്കാരിനെതിരായ കേസായിരുന്നില്ല. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള സിവിൽ തർക്കത്തിൽ കോടതി വിധി നടപ്പാക്കുന്നതിൽ സാധാരണ സർക്കാർ സ്വീകരിക്കേണ്ട ഉത്തരവാദിത്തം  നിർവഹിക്കാനാണ് ശ്രമിക്കുന്നത്.  എന്നാൽ, ശബരിമല കേസിലെ ഒന്നാം എതിർ കക്ഷി  സംസ്ഥാന സർക്കാരാണ്. സംസ്ഥാന സർക്കാരിനെതിരെയാണ് കേസ്. അതിൽ സർക്കാരിന്റെ ചട്ടം ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നു. അതിന‌് മറ്റൊരു കേസുമായും താരതമ്യമില്ല.

സുപ്രീംകോടതിയുടെ വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന‌് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശം സംരക്ഷിക്കുന്നതിൽ സുപ്രീംകോടതി വിധിയുണ്ടായിട്ടും സർക്കാർ പരാജയപ്പെട്ടതായി കണക്കാക്കാം. പിന്നെ സർക്കാരിന‌് തുടരാൻ അവകാശമില്ലാതാകും. ഇത് ഏതെങ്കിലും സ്വത്ത് തർക്കത്തിലെ കോടതി ഉത്തരവിന്റെ എക‌്സിക്യൂഷനാവശ്യമായ പൊലീസ‌് സംരക്ഷണം നൽകുന്നതുമായി താരതമ്യം ചെയ്യാൻപോലും പറ്റില്ല.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. സ‌്ത്രീപ്രവേശം നിരോധിച്ചുള്ള ഹൈക്കോടതി വിധി വന്നതിനുശേഷമുള്ള മൂന്നാമത്തെ എൽഡിഎഫ് സർക്കാരാണ് കേരളം ഭരിക്കുന്നത്. ആ വിധിക്കെതിരെ അപ്പീൽ പോകുന്നതിന‌്  അവസരമുണ്ടായിരുന്നെങ്കിലും അത‌് ചെയ്യാതെ ശക്തമായി വിധി നടപ്പാക്കുകയാണ് എൽഡിഎഫ് ചെയ‌്തത‌്. ഭരണഘടനയുടെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിൽ കേരള ഹൈക്കോടതി പരാജയപ്പെട്ടെന്ന് ഇപ്പോൾ സുപ്രീംകോടതി വിധിച്ച കാര്യവും പ്രസക്തം. അന്ന് ചട്ടം ഭേദഗതി ചെയ‌്തതോടെ നിയമനിർമാണം നടത്തി ഈ വിധി മറികടക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ അത്തരം സമീപനം എൽഡിഎഫ‌് സ്വീകരിച്ചില്ല.

എന്നാലും സർക്കാർ അമിതാവേശം കാണിക്കേണ്ടതുണ്ടായിരുന്നോയെന്നും ചിലർ ചോദിക്കുന്നുണ്ട്. സർക്കാർ വിധി നടപ്പാക്കില്ലെന്ന‌ു പറഞ്ഞാൽ പിന്നെ തുടരാൻ കഴിയില്ല. ഒന്നാം എതിർകക്ഷിയായ സർക്കാരിനാണ് ക്രമസമാധാനപരിപാലനത്തിന്റെ ഉത്തരവാദിത്തം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് ഒരു കമീഷനെ നിയോഗിക്കണമെന്ന് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ട സർക്കാർ വിധി വന്നതിനുശേഷം ബന്ധപ്പെട്ടവരുമായി ചർച്ചയ‌്ക്കും ശ്രമിക്കുകയുണ്ടായി. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാവരും കേസിൽ കക്ഷിചേർന്ന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്നം അവതരിപ്പിച്ചതുകൊണ്ടുകൂടിയായിരിക്കാം പിന്നെ ഒരു കമീഷൻ വേണ്ടതില്ലെന്ന് കോടതിക്ക് തോന്നിയിട്ടുണ്ടാവുക.

തന്ത്രിയുടെയും പന്തളം കൊട്ടാരത്തിന്റെയും ദേവസ്വം ബോർഡിന്റെയും എൻഎസ്എസിന്റെയും സത്യവാങ്മൂലങ്ങളും വാദങ്ങളും ആചാരത്തിന്റെ കാര്യത്തിൽ കോടതി ഇടപെടരുതെന്നായിരുന്നു. ഇതുകൂടാതെ അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമിതി, അയ്യപ്പ പൂജാ സമിതി, ശ്രീധർമ ശാസ‌്താ സേവാ സമാജം, കേരള ക്ഷേത്രസംരക്ഷണ സമിതി,  അഖില ഭാരതീയ മലയാളി സംഘം, ശബരിമല അയ്യപ്പ സേവാ സംഘം, ആത്മ ഡിവൈൻ ട്രസ്റ്റ്, പീപ്പിൾ ഫോർ ധർമ, ശബരിമല ആചാര സംരക്ഷണ സമിതി ഇവരെല്ലാം കേസിൽ കക്ഷിചേർന്ന് വിശ്വാസസംരക്ഷണകാര്യമാണ് വാദിച്ചത‌്.

ദേവസ്വം ബോർഡിനുവേണ്ടി ആദ്യം വാദിച്ചത് ഇപ്പോഴത്തെ അറ്റോർണി ജനറലായ അഡ്വ.  കെ കെ വേണുഗോപാലായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നത‌്. പിന്നീട‌് ദേവസ്വം ബോർഡിനുവേണ്ടി വാദിച്ചത് പ്രമുഖനായ കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ‌്‌വിയാണ്. ഇപ്പോൾ ആധികാരികമെന്ന മട്ടിൽ സംസാരിക്കുന്ന  ശ്രീധരൻപിള്ളയും ബിജെപിയും ആർഎസ്എസും വിഎച്ച്പിയും മാത്രമേ അവിടെ കക്ഷിചേരാൻ പോകാതിരുന്നുള്ളൂ. അത് ഭരണഘടനയിലും നീതിന്യായസംവിധാനത്തിലും വിശ്വാസമില്ലാത്തതിന്റെ സൂചനകൂടിയാണ്.

ഇതെല്ലാം മറച്ചുവച്ച‌് വിമോചനസമരകാലത്തെ നുണപ്രചാരവേലയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. നിരീശ്വരവാദം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണവും വിമോചനസമരത്തിന്റേതാണ്.  അത‌് തിരിച്ചറിയാനും ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുമുള്ള രാഷ്ട്രീയനീക്കം വിശ്വാസികൾതന്നെ ചെറുത്തുതോൽപ്പിക്കും.


Comments

Popular posts from this blog

അശോകൻ ചരുവിൽ എഴുതുന്നു

തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍

Read the Affidavit filed by the Travancore Devaswom Board