തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍

+++ തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍+++
***********

ആചാരങ്ങളെയും അതിന്റെ സംരക്ഷണങ്ങളെയും കുറിച്ചും,അതേ സമയം പരിഷ്കൃത സമൂഹത്തിന് അപമാനകരമായ ഇത്തരം ആചാരങ്ങള്‍ തകര്‍ക്കപ്പെടേണ്ടതിനെക്കുറിച്ചും സജീവമായ ചര്‍ച്ചകളും കൊലവിളികളുമൊക്കെയായി നമ്മുടെ സാമൂഹികാന്തരീക്ഷം ചൂടു പിടിച്ചു നില്‍ക്കുന്ന ഈയൊരവസരത്തില്‍ അടുത്ത കാലത്തായി പുരോഗമനമെന്ന് മേനി നടിക്കുന്ന നമ്മുടെ  സമൂഹത്തിനുണ്ടായിവരുന്ന അപചയത്തിന്റെയും ജീര്‍ണ്ണതയുടെയും ആഴം വ്യക്തമാക്കാനാണ് ഈ കുറിപ്പ്.

എന്റെ ബാല്യവും കൗമാരവും യൗവ്വനത്തിന്റെ നല്ല പങ്കും ചിലവഴിച്ചത് ജന്മദേശമായ നാദാപുരത്തും പരിസരങ്ങളിലും തന്നെയാണ്.മലബാറിലെ തൊഴിലാളി വര്‍ഗ്ഗ വിഭാഗങ്ങളില്‍ അക്കാലങ്ങളിലൊക്കെ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ കരയുന്നത് പോലും മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിക്കുന്നതുപോലെയാണെന്ന് തോന്നാറുണ്ട്.അത്ര കണ്ട് അടിമുടി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടാണ് കുഞ്ഞുങ്ങള്‍ വളര്‍ന്നു വന്നിരുന്നത്. അക്കാഡമിക് വിദ്യാഭ്യാസത്തിന്റെ പകിട്ടില്ലാത്തവരെങ്കിലും അക്കാലത്തെ പ്രാദേശിക പാര്‍ടി നേതാക്കളും സഖാക്കളുമൊക്കെ വളരെ ഉയര്‍ന്ന വൈജ്ഞാനിക ബോധങ്ങളുള്ളവരായിരുന്നു.ദേശീയവും അന്തര്‍ദേശീയവുമായ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ശാസ്ത്ര സാങ്കേതിക വികാസങ്ങളെക്കുറിച്ചുമൊക്കെ അവരുടെ അറിവും ബോദ്ധ്യങ്ങളും അപാരമായിരുന്നു.അതിന് പ്രധാന പങ്കുവഹിച്ചത് അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി തങ്ങളുടെ അണികള്‍ക്ക് പകര്‍ന്നുനല്‍കിയ രാഷ്ട്രീയ വിദ്യാഭ്യാസം തന്നെയായിരുന്നു.
ഞാനടക്കമുള്ള എന്റെ പ്രായത്തിലുള്ള തലമുറ സ്വന്തമായി ചുവടുറപ്പിച്ച് നടക്കാറായ കാലം മുതല്‍ ദേശാഭിമാനി ബാലസംഘത്തിലൂടെ രാഷ്ട്രീയത്തിന്റെ പൊതുഭൂമികയിലേക്ക് ഹരിശ്രീ കുറിച്ചെത്തിയവരാണ്. എനിക്കിന്നും തികഞ്ഞ ഭൗതികവാദിയായിട്ടും മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് ബോധ്യങ്ങളോടെയും ജീവിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും  ദേശാഭിമാനി ബാലസംഘം മുതല്‍ പകര്‍ന്നു കിട്ടിയ രാഷ്ട്രീയവിദ്യാഭ്യാസത്തിന്റെ ബലവത്തായ അടിത്തറയുള്ളത് കൊണ്ടാണ് .പറഞ്ഞു വരുന്നത് അക്കാലത്ത് CPM ബോധപൂര്‍വ്വം തങ്ങളുടെ അണികളിലേക്ക് നിരന്തരം പകര്‍ന്നു നല്‍കിയ ശാസ്ത്രീയ സോഷ്യലിസ്റ്റ് ബോധവും ഭൗതിക വിദ്യാഭ്യാസവുമൊക്കെ നവോത്ഥാന കാലഘട്ടത്തിന്റെ തുടര്‍ച്ചയെന്നോണം സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അന്തഃവിശ്വാസങ്ങള്‍ക്കുമെതിരെ അതി ശക്തമായ സ്വാധീനമാണ് ചെലുത്തിയിരുന്നത്. എന്റെ കുട്ടിക്കാലത്തൊക്കെ തൊട്ടതിനും പിടിച്ചതിനുമൊക്കെ മന്ത്രവാദങ്ങളും ഹോമങ്ങളും അതുപോലെ കാളി കൂളി കുട്ടിച്ചാത്തന്മാരുമൊക്കെ സജീവമായിരുന്നു.അതുപോലെ ജാതിയില്‍ തങ്ങളെക്കാള്‍ താഴ്ന്നവരോടുള്ള അയിത്തവും,ജനനവുമായി ബന്ധപ്പെട്ടും മരിച്ചാലുമൊക്കെയുള്ള തീണ്ടാരികളും ദിവസങ്ങളോളമുള്ള ചടങ്ങുകളും, ഗുരുതി തറകളും കോഴിവെട്ടലുകളും അതോടൊപ്പം തന്നെ അക്കാലത്ത് ഒാര്‍മയില്‍ ചെറുതായി തെളിയുന്ന ഒരു ആചാരമായിരുന്നു 'തിരണ്ടു കല്യാണ'മെന്നത്.അതായത് ആദ്യമായ് മെന്‍സസ് (വയസ്സറിയിക്കുക,തെരളുക എന്നൊക്കെ പറയും)ആവുന്ന പെണ്‍കുട്ടികളെ വീടുകളിലെ ഉള്‍മുറികളില്‍ ദിവസങ്ങളോളം മറ്റുള്ളവരില്‍ നിന്നും മറച്ചു വെച്ച് ആചാരപരമായുള്ള ചടങ്ങുകള്‍(എന്തൊക്കെയാണെന്നത് ഒാര്‍മയിലില്ല)നടത്തിയ ശേഷം ഒരു നിശ്ചിത ദിവസത്തിന് ശേഷം അവളെ മറക്കുടയും ചൂടിച്ച് ഒരു ഘോഷയാത്രപോലെ സ്ത്രീകളുടെ സംഘം കൊണ്ടുപോയി മൊത്തം എണ്ണയും താളിയുമൊക്കെ തേപ്പിച്ച് മുങ്ങിക്കുളിപ്പിച്ചതിന് ശേഷം വീട്ടില്‍ മടങ്ങിയെത്തിയശേഷം വിഭവസമൃദ്ധമായ സദ്യയും(സദ്യയോടനുബന്ധിച്ച് ചില വിശേഷാല്‍ പലഹാരങ്ങളുമുണ്ടാവുമെന്നാണ് ചെറിയൊരു ഒാര്‍മ).ഈ ചടങ്ങുകള്‍ കഴിയുന്നതോടെ അതുവരെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കൂട്ടുകാരൊപ്പം ആടിപ്പാടി കളിച്ചിരുന്ന പെണ്‍കുട്ടിയുടെ മേലെ നിരോധനങ്ങളുടെ വേലിക്കെട്ടുകളുയരുകയാണ്.നീ 'മുതിര്‍ന്ന'വളായെന്നും നിനക്കിനി കൂട്ടുകൂടി കളിച്ചു നടക്കാന്‍ പാടില്ലെന്നും,'പെണ്ണായ'നീ ഇനിമുതല്‍ ആണ്‍കുട്ടികളുമായി അടുത്തിടപഴകാന്‍ പാടില്ലെന്നുമൊക്കെയുള്ള അരുതായ്മകളില്‍ അവളെ തളച്ചിടുകയുമാണ് ചെയ്തിരുന്നത്.മാത്രമല്ല മാസമുറ സമയങ്ങളില്‍ ഏഴ് ദിവസത്തോളം സ്ത്രീകളെ ആളുകളെയോ,വീട്ടു ഉപകരണങ്ങളോ സ്പര്‍ശിക്കാതെ(അയിത്തം) മാറ്റി നിര്‍ത്തുകയുമായിരുന്നു പതിവ്.ഇതുപോലെ തന്നെയാണ് പ്രസവം നടന്ന വീടുകളിലും ചില തീണ്ടാരികള്‍ നിലനിന്നത്.അക്കാലത്തൊന്നും മുതിര്‍ന്ന ആണുങ്ങള്‍ പ്രസവം നടന്ന തങ്ങളുടെ വീടുകളില്‍ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല.ആ ദിവസങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളുമൊക്കെ മാറി മാറി ക്ഷണിച്ചു സല്‍ക്കരിക്കുകയായിരുന്നു പതിവ്.എന്റെ ഒാര്‍മ ശരിയാണെങ്കില്‍ 28 കുളിക്കുന്ന ചടങ്ങുവരെയാണ് ഈ ആണുങ്ങളുടെ ഭക്ഷണ അയിത്തം നിലനിന്നിരുന്നതെന്നാണ്.അവസാനം ശുദ്ധികലശം(വണ്ണാന്‍ സമുദായത്തിലെ സ്ത്രീകളാണെന്നാണ്ഒാര്‍മ)നടത്തിയശേഷമാണ്  ആണുങ്ങള്‍ വീടുകളിലെത്തുന്നത്.മരണവുമായി ഇതുപോലുള്ള തീണ്ടാരികളും അയിത്തവുമൊക്കെയുണ്ടായിരുന്നു.തല്‍ക്കാലം അതിനെക്കുറിച്ച് വിശദീകരിക്കുന്നില്ല.

ഇത്രയും കാര്യങ്ങള്‍ ഇവിടെ വിശദീകരിക്കുവാന്‍ കാരണം ഒരു കാലത്ത് നമ്മുടെ സമൂഹത്തില്‍ ആഴത്തില്‍ വേരോടിയിരുന്നതും,എന്നാല്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രത്യേകിച്ച് നാദാപുരം പോലുള്ള എന്റെ പ്രദേശങ്ങളില്‍ അക്കാലത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ (CPM )ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെ പിഴുതെറിയപ്പെട്ട അനാചാരങ്ങള്‍ ,അതേ പാര്‍ടിയുടെ പുതിയ തലമുറയില്‍ പെട്ട പ്രവര്‍ത്തകരും അനുയായികളുമൊക്കെ പുനരാനയിക്കുന്നതുമായി ബന്ധപ്പെട്ട അത്യന്തം അപമാനകരമായ അവസ്ഥയെക്കുറിച്ച് ചൂണ്ടിക്കാണിക്കാനും ഉത്തരവാദപ്പെട്ടവര്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും അഭ്യര്‍ത്ഥിക്കാനുമാണ്.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നാദാപുരം കുമ്മങ്കോടുള്ള ഒരു CPM പ്രാദേശിക നേതാവിന്റെ മകളുടെ തെരണ്ടുകല്യാണം (പേര് ഇതാവണമെന്നില്ല)വളരെ ആര്‍ഭാടകരമായി നടത്തുകയുണ്ടായെന്നറിഞ്ഞപ്പോള്‍ തന്നെ ആ പ്രദേശങ്ങളിലുള്ള ചില സുഹൃത്തുക്കളെ ബന്ധപ്പെടുകയും സത്യാവസ്ഥ ബോദ്ധ്യപ്പെട്ടപ്പോള്‍ മുതല്‍ വല്ലാത്തൊരു ആത്മനിന്ദ അനുഭവപ്പെട്ടിരുന്നു.അതൊടൊപ്പം ഇതുപോലുള്ള അനാചാരവീണ്ടെടുപ്പുകള്‍ക്കെതിരെ  ശക്തമായ ഇടപെടലുകളുണ്ടാവണമെന്നും അവിടുത്തെ സുഹൃത്തുക്കളോട് പറയുകയുണ്ടായി.എന്നാല്‍ ഈ കഴിഞ്ഞ മാസം അറിയാനായത് കുമ്മങ്കോട് പ്രദേശത്തെങ്കിലും 'തിരണ്ടു കല്യാണ'മെന്നത് ഇപ്പോള്‍ ജന്മദിന ആഘോഷമൊക്കെ പോലെ ഒരു ട്രന്റെ് ആയി മാറുകയാണെന്നാണ്.നിരവധി കുടുംബങ്ങളില്‍ ഈ പ്രദേശത്ത് ആഘോഷപൂര്‍വ്വം ഇത് നടന്നുവരികയാണ്.പണ്ട് കാലത്ത് 'സമ്മാന'ങ്ങള്‍ ഉണ്ടായിരുന്നോയെന്നറിയില്ല.എന്നാല്‍ ഇപ്പോള്‍ പഴയ ആചാര രീതികളോടൊപ്പം വിലപിടിച്ച സമ്മാനങ്ങളും ക്ഷണിക്കപ്പെട്ട അതിഥികള്‍ പെണ്‍കുട്ടിക്ക് കൈമാറുന്ന രീതിയില്‍ ആധുനീകരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത് .അതേ സമയം തന്നെ നാട്ടിലുള്ള സാധാരണ കുടുംബാംഗങ്ങളായ സ്ത്രീകളിലൊരു വിഭാഗത്തിന് ഈ ഏര്‍പ്പാടുകളോട് കടുത്ത നീരസമുണ്ടെങ്കിലും അത്യാവശ്യം ജീവിത സൗകര്യമുള്ള മധ്യ,വര്‍ഗ്ഗ സ്വഭാവമുള്ള കുടുംബങ്ങളില്‍ വ്യാപകമാവുന്ന  ഈ ആചാരം ഒരു അഭിമാനപ്രശ്നമെന്ന നി
ലയില്‍ മറ്റുള്ളവരും ഏറ്റെടുക്കേണ്ടി വരികയാണ്. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഭക്ഷണശീലങ്ങളിലും ആരോഗ്യക്ഷമതയിലുമൊക്കെയുണ്ടായ മാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമൊക്കെ കാരണം 7-8 വയസ്സുമുതല്‍ തന്നെ പെണ്‍കുട്ടികളില്‍ പലപ്പോഴും ഇത്തരം അവസ്ഥകളിലെത്തുന്നുണ്ട്.കളിച്ചും ചിരിച്ചും ആര്‍ത്തുല്ലസിച്ച് നടക്കേണ്ട കുട്ടികളുടെ മനസ്സുകളിലാണ് ആണ്‍-പെണ്‍ വേര്‍തിരിവിന്റെയും അയിത്ത ബോധത്തിന്റെയും മതിലുകള്‍ പണിയുന്നത്‌ എന്നതാണ് ഏറ്റവും സങ്കടകരം.തികച്ചും ശാരീരികമായ ഒരു പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഈ പ്രക്രിയയുടെ ശാസ്ത്രീയ ബോധ്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പുരോഗമന പ്രസ്ഥാനത്തിന്റെ പതാകവാഹകരെന്ന് സമൂഹം കരുതുന്നവര്‍ തന്നെ ഇത്തരം സ്ത്രീ വിരുദ്ധമായ ആചാരങ്ങള്‍ തിരിച്ചുകൊണ്ടു വരുന്നത് അത്യന്തം അപകടകരമായ സന്ദേശമാണ് നല്‍കുന്നത്.ആര്‍ത്തവത്തിന്റെ പേരില്‍ പെണ്ണിനെതിരെ കലാപത്തിനിറങ്ങുന്ന സംഘപരിവാര്‍ ശക്തികളുടെ തെമ്മാടിത്തത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ പോലും കഴിയാതെ പുരോഗമന യുവജനപ്രസ്ഥാനങ്ങളും സ്ത്രീ സംഘടനകളുമൊക്കെ നോക്കുകുത്തികളാവേണ്ടി വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം തന്നെ സ്വന്തം അണികളെപ്പോലും ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്ത വിധം ജീര്‍ണ്ണതയുടെ ഭാഗമായിക്കൊണ്ടിരിക്കുന്നതാണ്.CPM അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അടിയന്തിരമായ തിരിച്ചറിവിലെത്തുകയും തങ്ങളുടെ പ്രവര്‍ത്തകരെയും നേതൃത്വങ്ങളെയും ജീര്‍ണ്ണിച്ച ആചാരങ്ങളുടെ പതാക വാഹകരാവുന്നതില്‍ നിന്ന് തടയുകയും ഭൗതികവും ശാസ്ത്രീയവുമായ രാഷ്ട്രീയ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുകയും ചെയ്യേണ്ടതുണ്ട്.അല്ലാത്ത പക്ഷം ശ്രീകൃഷ്ണ ജയന്തികളും അമ്പലകമ്മിറ്റികളിലെ ഊരാളന്മാരുമായ് സംഘപരിവാറിന് ബദല്‍ സൃഷ്ടിക്കാനാണ് തുടര്‍ന്നും തീരുമാനമെങ്കില്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നതിന് ശബരിമല തന്നെ നമ്മുടെ മുമ്പില്‍ നല്ല പാഠമായുണ്ട്.

Bhaskaran Nadapuram
22-10-2018

Comments

Popular posts from this blog

അശോകൻ ചരുവിൽ എഴുതുന്നു

Read the Affidavit filed by the Travancore Devaswom Board