അയ്യങ്കാളി
"വെറും നൂറുവർഷം മുൻപ്, പഠിക്കാനായി മനുഷ്യൻ സമരം ചെയ്തു എന്നത് ജനാധിപത്യരാജ്യത്ത്
ഇന്നൊരു തമാശയായിരിക്കും"
കേരളത്തിലാദ്യമായി 'അയിത്തജാതികൾക്ക്' ഒരു കുടിപ്പള്ളിക്കൂടം
നിർമിക്കപ്പെടുന്നത് 1904 ലാണ്, സർക്കാരോ, വ്യക്തികളോ
നടത്തുന്ന സ്കൂളുകളിൽ അവർക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ, അയ്യങ്കാളിയുടെ
ജന്മനാടായ വെങ്ങാനൂരിലായിരുന്നു സ്കൂൾ സ്ഥാപിതമായത്. പക്ഷേ
അരികുവൽക്കരിക്കപ്പെട്ടവന്റെ, വിദ്യാഭ്യാസമെന്ന സ്വപ്നത്തിന് അന്ന്
രാത്രി തന്നെ സവർണ്ണജാതിക്കാർ തീകൊളുത്തി.
പിന്നീട് അയ്യങ്കാളിയുടെ
നേതൃത്വത്തിലുണ്ടാക്കിയ സാധുജനപരിപാലന സംഘത്തിന്റെ നിരന്തരമായ പ്രവർത്തനഫലമായി 1907 ഇൽ ദിവാൻ എസ്. രാജഗോപാലാചാരിയുടെ താല്പര്യപ്രകാരം അയിത്തജാതികൾക്ക്
സ്കൂൾ പ്രവേശനമനുവദിച്ച് സർക്കാർ
ഉത്തരവിറക്കി, പക്ഷെ ഉത്തരവ് വെളിപ്പെടുത്തുവാൻ നായർ
ജാതിക്കാരായ ഉദ്യോഗസ്തർ സമ്മതിച്ചില്ല.
ദിവാനുമായി അടുപ്പമുണ്ടായിരുന്ന
സാധുജനപരിപാലനസംഘത്തിന്റെ നേതാക്കന്മാർ ഈ വിവരമറിയുകയും കുട്ടികളെ കൂട്ടി സ്കൂളിൽ
എത്തുകയും ചെയ്തു. ഏത് സർക്കാർ ഉത്തരവിട്ടാലും അയിത്തജാതികളെ സ്കൂളിൽ കയറ്റില്ല
എന്നായിരുന്നു സ്കൂൾ നടത്തിപ്പുകാരായ സവർണ്ണ ജാതികളുടെ നിലപാട്.
അയ്യങ്കാളിയുടെ സമരം
തുടർന്നുകൊണ്ടിരുന്നു, അവസാനം 1910 ഇൽ
അന്നത്തെ ദിവാനായിരുന്ന പി. രാജഗോപാലാചാരി , അയിത്തവിഭാഗങ്ങൾക്ക്
സ്കൂൾ പ്രവേശനമനുവദിച്ച് വീണ്ടും ഉത്തരവിറക്കി. ഈ ഉത്തരവിന്റെ പിറകിൽ
ബ്രിട്ടീഷുകാരനായിരുന്ന അന്നത്തെ വിദ്യാഭ്യാസ ഡയറക്റ്ററുടെയും
സമ്മർദ്ദമുണ്ടായിരുന്നു.
ദിവാന്റെ ഉത്തരവ് നിരവധി വിമർശനങ്ങൾ
ഏറ്റുവാങ്ങി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെന്ന
പത്രപ്രവർത്തകൻ എഴുതിയ മുഖപ്രസംഗം ഏതാണ്ട് ഇപ്രകാരമായിരുന്നു, " സമത്വമവകാശപ്പെട്ട് ജാതിവ്യത്യാസം പരിഗണിക്കാതെ പാഠശാലകളിൽ കുട്ടികളെ
ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് കുതിരയെയും പോത്തിനെയും ഒരേ നുകത്തിൽ
കെട്ടുന്നതുപോലാണ്, ഇതിനെ അനുകൂലിക്കുവാൻ യാതൊരു യുക്തിയും
കാണുന്നില്ല".
സർക്കാർ ഉത്തരവ് ഇറങ്ങിട്ടും സവർണ്ണ
ജാതികൾ , അയിത്തവിഭാഗക്കാരെ സ്കൂളിൽ കയറ്റാൻ
വിസമ്മതിച്ചു. ഈ അവഗണന സഹിക്കാൻ കഴിയാതെ അയ്യങ്കാളി പഞ്ചമി എന്ന കുട്ടിയെയും
കൂട്ടി ഊരൂട്ടമ്പലം സ്കൂളിൽ എത്തി, ചരിത്രത്തിലാദ്യമായി ഒരു പുലയൻ സ്കൂളിൽ
പ്രവേശിച്ചിരിക്കുന്നു, സവർണ്ണജാതി കീഴ്വഴക്കങ്ങൾക്ക് മുകളിൽ
ഒരു ആറ്റം ബോംബ് വീണിരിക്കുന്നു, കലിതുള്ളിയ സവർണ്ണ ജാതികൾ അവിടെയൊരു
യുദ്ധം തന്നെ അഴിച്ചുവിട്ടു, പുറജാതിക്കാരുടെ കുടിലുകളും, വസ്തുവകകളും നശിപ്പിച്ചു, സ്ത്രീകൾ
ബലാൽസംഗം ചെയ്യപ്പെട്ടു, പഞ്ചമി കയറി 'അശുദ്ധമാക്കിയ'
സ്കൂൾ അഗ്നിക്ക് ഇരയാക്കപ്പെട്ടു.
നാട്ടിലെല്ലായിടത്തും പുറജാതിക്കാർ
ആക്രമിക്കപ്പെട്ടു, ഈഴവർ പോലും നായന്മാർക്കൊപ്പം ചേർന്നത്
കണ്ട് ഗുരുദേവൻ ആ നീക്കത്തെ നിശിതമായി വിമർശിച്ചു. എന്തിന്, സ്കൂൾ
പ്രവേശനത്തെ എതിർക്കാൻ ജാതിവാദികളായ കൃസ്ത്യാനികൾ വരെ ഉണ്ടായിരുന്നു. ഈ നീക്കം
ജാതിവ്യവസ്ഥയെ തകിടം മറിക്കാനാണെന്ന് ധരിച്ച് ഒരു നായർ മാടമ്പി, വാളുമായി സ്വയം വെട്ടിമരിക്കാൻ വരെ റോഡിലിറങ്ങി
സ്കൂൾ പ്രവേശനത്തിനുള്ള ശ്രമം
അയ്യങ്കാളി തുടർന്നുകൊണ്ടിരുന്നു, അതിനായി കുട്ടികളെ കൂട്ടി
വെങ്ങാനൂരിലുള്ള സർക്കാർസ്കൂളിലേക്ക് ചെന്നു പക്ഷെ ജാതിഭ്രാന്തന്മാർ
അനുവദിച്ചില്ല. അവസാനം പ്രവേശനമനുവദിക്കണമെന്ന നിവേദനം വിദ്യാഭ്യാസ ഡയറക്റ്ററുടെ
മുന്നിൽ എത്തി, തുടർന്ന് അദ്ദേഹം സ്കൂളിൽ വന്നു, കാര്യങ്ങൾ മനസിലാക്കി , പ്രവേശനംഅനുവദിക്കണമെന്ന നിലപാട് ഉറപ്പിച്ച് പറഞ്ഞു, പക്ഷേ ഈ നീക്കത്തിൽ കലിപൂണ്ട ജാതിവാദികൾ സായിപ്പിന്റെ ജീപ്പ് തന്നെ
കത്തിച്ചുകളഞ്ഞു. പ്രവേശനം ലഭ്യമാകാഞ്ഞതിനെതുടർന്ന് നാടുകൾ തോറും ലഹളകൾ
പൊട്ടിപ്പുറപ്പെട്ടു.
എല്ലാ വാതിലുകളും അടഞ്ഞു, അയ്യങ്കാളി വിട്ടുകൊടുക്കാൻ തയാറായില്ല, ജാതിയുടെ
പേരിൽ മാറ്റിനിർത്തപ്പെട്ടവനുവേണ്ടി, വെങ്ങാനൂരിൽ
സ്വന്തമായൊരു സ്കൂൾ തന്നെ തുടങ്ങി, അധിക ശമ്പളം നൽകി ഒരധ്യാപകനെ നിയമിച്ചു,
പക്ഷെ ഇതൊന്നും അധികദിവസം നിന്നില്ല, സ്കൂൾ
തീ വച്ച് നശിക്കപ്പെട്ടു, അയ്യങ്കാളിയും വിട്ടുകൊടുത്തില്ല,
വീണ്ടും ഉണ്ടാക്കി, സ്കൂൾ നശിപ്പിക്കലും ബഹളങ്ങളും തുടർ
കഥകളായി, അധ്യാപകനെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുവാൻ കാവൽക്കാരെ വരെ ഏർപ്പെടുത്തി.
സ്കൂൾപ്രവേശനം ഒരുതരത്തിലും
അനുവദിക്കില്ല എന്ന് വന്നപ്പോൾ അയ്യങ്കാളി ഒരു പ്രതിജ്ഞയെടുത്തു, " തന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാൻ സൗകര്യം തന്നില്ലെങ്കിൽ കാണായ
പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും ഞങ്ങൾ ". സമരങ്ങൾ വീണ്ടും
നടന്നുകൊണ്ടിരുന്നു..
കാലം കടന്നുപോയി, രാജാധികാരങ്ങൾ ചവറ്റുകുട്ടയിലാക്കപ്പെട്ട്, ജനാധിപത്യ
ഭരണഘടനയെന്ന സവിശേഷ ഗ്രന്ഥം ഇന്റ്യയുടെ അധികാരമേറ്റെടുത്തപ്പോൾ ഒരോ മനുഷ്യനും
അണുവിട വ്യത്യാസമില്ലാത്ത തുല്യാവകാശവും, നീതിയും,
സ്വാതന്ത്ര്യവും വിഭാവനം ചെയ്തു.
വെറും നൂറുവർഷം മുൻപ്, പഠിക്കാനായി മനുഷ്യൻ സമരം ചെയ്തു എന്നത് ജനാധിപത്യരാജ്യത്ത്
ഇന്നൊരു തമാശയായിരിക്കും, ഓർക്കുക, നാം
ഇന്നനുഭവിക്കുന്ന ഓരോ വ്യക്തി
സ്വാതന്ത്ര്യങ്ങൾക്കും, മൗലീക അവകാശങ്ങൾക്കും പിന്നിൽ ഇതുപോലെ
ചോരവീണ കലാപങ്ങളുടെ ചരിത്രമുണ്ട്.
ബോധമുള്ള, ആർജവമുള്ള ഒരു പുരോഗമനസമൂഹത്തിന്റെ
നിരന്തരമായ പോരട്ടങ്ങളാണ് നമ്മെ നാമാക്കിയത്.
റഫറൻസ് - കേരളചരിത്രത്തിന്റെ ഗതി
മാറ്റിയ അയ്യങ്കാളി - T.H.P ചെന്താരശ്ശേരി.
കടപ്പാട്
Comments
Post a Comment