അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന!
വർത്തമാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ
ശബരിമല
വിധിയിലെ യാഥാർഥ്യങ്ങളും വസ്തുതകളും
ഒരവലോകനം:
❓ സുപ്രീംകോടതി
വിധി പ്രകാരം ആർക്കൊക്കെയാണ് ശബരിമലയിൽ പ്രവേശിക്കാൻ അവകാശം ഉള്ളത് ?
👉പുരുഷന്മാർക്കും,
സ്ത്രീകൾക്കും, ട്രാൻസ്ജെൻഡറുകൾക്കും ഉൾപ്പെടെ എല്ലാ ലിംഗത്തിൽപ്പെട്ട
ആളുകൾക്കും കയറാം. ലിംഗ വിവേചനം പാടില്ല.
വിശ്വാസികളല്ലാത്തവർക്ക് ശബരിമലയിൽ
പ്രവേശിക്കാൻ സാധിക്കുമോ ?
👉തീർച്ചയായും.
മത വിശ്വാസി ആണെങ്കിലും അല്ലെങ്കിലും ശബരിമലയിൽ പ്രവേശിച്ച് പ്രാർത്ഥനകൾ നടത്തുകയോ,
ദർശനം നടത്തുകയോ ചെയ്യാം. സുപ്രീംകോടതി വിധിയിലോ മറ്റേതെങ്കിലും
നിയമങ്ങളിലോ അവിശ്വാസികൾക്കോ, യുക്തിവാദികൾക്കോ, ഭാഗികമായി വിശ്വാസമുള്ളവർക്കോ നിയമപരമായി യാതൊരു വിധ നിരോധനവുമില്ല.
❓ അവിശ്വാസികൾ
ശബരിമലയിൽ കയറരുത് എന്ന് എല്ലാവരും പറയുന്നത് എന്തുകൊണ്ടാണ്?
👉തികച്ചും
ധാർമ്മികമായ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു അപ്രഖ്യാപിത കീഴ്വഴക്കം
നിലനിൽക്കുന്നത്. മത വിശ്വാസമില്ലെങ്കിൽ
പിന്നെ എന്തിന് ശബരിമലയിൽ വരുന്നു എന്ന
സാമാന്യ യുക്തിയാണ് ഈ ധാർമിക കീഴ്വഴക്കത്തിന് പിന്നിൽ. നിയമപരമായ പിന്‍ബലം ഈ
കാര്യത്തിൽ ഇല്ല.
❓ വ്രതം
ഉൾപ്പെടെയുള്ള ആചാരങ്ങൾ പാലിക്കേണ്ടതുണ്ടോ ? അത്തരത്തിലുള്ള
വിവിധ ആചാരങ്ങൾ നടപ്പിലാക്കാൻ ക്ഷേത്ര ഭാരവാഹികൾക്ക് അധികാരമുണ്ടോ ?
👉തീർച്ചയായും
ഭരണഘടനാപരമായി ആ ക്ഷേത്രത്തിലെ ആചാരങ്ങളും, അനുഷ്ടാനങ്ങളും
തീരുമാനിക്കാനും മതാചാരങ്ങൾ പ്രകാരം നിഷ്കർഷിക്കാനും നടപ്പിലാക്കാനും ക്ഷേത്ര നടത്തിപ്പുകാർക്ക്
അവകാശമുണ്ട്.
❓ അങ്ങനെയെങ്കിൽ
സ്ത്രീകൾ കയറാൻ പാടില്ല അല്ലെങ്കിൽ പ്രത്യേക വിഭാഗത്തിലുള്ള ആളുകൾ കയറാൻ
പാടില്ല എന്നവർക്ക് തീരുമാനമെടുത്തുകൂടെ ?
👉സാധ്യമല്ല.
ഭരണഘടനയുടെ പാർട്ട് മൂന്നിലെ മൗലികാവകാശങ്ങൾക്ക് വിരുദ്ധമായി ഒരു ആചാരവും, അനുഷ്ടാനവും, മറ്റു നിബന്ധനകളും സാധ്യമല്ല.
മൗലികാവകാശങ്ങൾക്ക് വിധേയമായി മാത്രമേ
ക്ഷേത്ര ഭാരവാഹികൾക്ക് ശബരിമലയിലെ മതനിയമങ്ങളും നിബന്ധനകളും കൊണ്ടുവരാനും
നടപ്പിലാക്കാനും സാധിക്കുകയുള്ളൂ. അക്കാരണത്താൽ തന്നെ തുല്യത അഥവാ ലിംഗനീതി എന്ന
ഭരണഘടനാ മൗലികാവകാശത്തിന്റെ ഉൾപ്പെടെ വിവിധ മൗലികാവകാശങ്ങളുടെ ലംഘനം
നടത്തിക്കൊണ്ടു സ്ത്രീകൾ കയറാൻ പാടില്ല എന്നൊരു നിയമം കൊണ്ടുവരാൻ സാധിക്കില്ല.
❓ ആരാണ്
ശബരിമലയുടെ നടത്തിപ്പുകാർ ?
👉Travancore Cochin Hindu
Religious Institutions Act XV of 1950. പ്രകാരം സ്ഥാപിതമായ തിരുവിതാംകൂർ
ദേവസ്വം ബോർഡാണ് ശബരിമല അമ്പലത്തിന്റെ ഭരണം നടത്തുന്നത്. പ്രസിഡന്റും രണ്ട്
അംഗങ്ങളുമാണ് ബോർഡിലെ അംഗങ്ങൾ. അംഗങ്ങളിലെ ഒരാളെ മന്ത്രി സഭയ്ക്ക് നോമിനേറ്റ്
ചെയ്യാം. മറ്റൊരു അംഗത്തെ തിരഞ്ഞെടുക്കുന്നത് നിയമസഭാ അംഗങ്ങളാണ് . എല്ലാവരും
ഹിന്ദുക്കൾ ആയിരിക്കണം.
❓ തിരുവിതാംകൂർ
ദിവസം ബോർഡ് ഒരു ഗവണ്മെന്റ് സ്ഥാപനമാണോ ?
👉തീർച്ചയായും,
ഭരണഘടനയുടെ ആർട്ടിക്കിൾ 290-A പ്രകാരം
സംസ്ഥാന നിയമസഭയുടെ കൺസോളിഡേറ്റഡ് ഫണ്ടിൽ
നിന്നും തുക അനുവദിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്.
❓ ശബരിമല പൊതു
ക്ഷേത്രമാണോ ?
👉അതെ.
കേരള ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശബരിമല എല്ലാവർക്കും ആരാധനയ്‌ക്കും
പ്രാർത്ഥനകൾക്കും പ്രവേശനമുള്ള ഒരു പൊതു
ക്ഷേത്രമാണ്.
❓ ശബരിമലയിൽ ഇതര
മതസ്ഥർക്ക് പ്രവേശനം നിയമപരമായി അനുവദിക്കുന്നുണ്ടോ ?
👉എല്ലാ
മതസ്ഥർക്കും ശബരിമലയിൽ പ്രവേശിക്കാനുള്ള അനുമതി ഉണ്ട്.
❓ 41
ദിവസത്തെ വ്രതം ശബരിമല പ്രവേശനത്തിന് നിർബന്ധമുണ്ടോ ?
👉രണ്ടു
കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്ന് : 41
ദിവസത്തെ വ്രതാനുഷ്ടാനങ്ങൾ എടുത്ത് ഇരുമുടി കെട്ടുണ്ടെങ്കിൽ മാത്രമേ പതിനെട്ടാം
പടിയിലൂടെ കയറി അയ്യപ്പ ദർശനം സാധ്യമാകുകയുള്ളൂ.
രണ്ട് : ദീർഘ വ്രതാനുഷ്ടാനങ്ങൾ
സാധ്യമാകാത്തവർക്ക് ഗുരുസ്വാമി നിർദേശിക്കുന്ന ക്രിയകൾ നടത്തി നിശ്ചിത ദിവസം വ്രതം
എടുത്ത് പതിനെട്ടാം പടി ചവിട്ടാതെ ദർശനം നടത്താം.
❓ശബരിമലയിൽ ചില
പ്രായത്തിലുള്ള സ്ത്രീകളെ കയറ്റാതിരിക്കുന്നത് പ്രാചീന ആചാരമല്ലേ ?
👉അല്ല.
ശബരിമലയിൽ ഏതു പ്രായത്തിലുള്ള യുവതികൾക്കും പ്രവേശിക്കുന്നതിന് പഴയകാലത്ത്
യാതൊരുവിധ നിരോധനങ്ങളും ഇല്ലായിരുന്നു. പക്ഷെ അന്ന് കൂടുതൽ സ്ത്രീകൾ ശബരിമല
സന്ദർശിച്ചിരുന്നില്ല എന്നു മാത്രമാണ് തന്ത്രിമാർ കോടതിയിൽ നൽകിയ സത്യവാംഗ്മൂലം.
❓ ഹിന്ദുമതത്തിൽ
അങ്ങനെ സ്ത്രീകളെ കയറ്റാതെ ഒരു ആചാരം നിലനിന്നിരുന്നില്ലേ ?
👉ഇല്ല.
സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കാത്തത് ഹിന്ദുമത ആചാര പ്രകാരം സ്ത്രീകൾക്ക്
ഏതെങ്കിലും തരത്തിലുള്ള നിരോധനം ഉള്ളതുകൊണ്ടല്ല. മതപരമല്ലാത്ത ചില കാരണങ്ങൾ
കൊണ്ടാണ്. ഹിന്ദുമതിൽ അവിഭാജ്യമായ ഇത്തരമൊരു ആചാരമില്ല എന്ന് സുപ്രീംകോടതി വിധിയിൽ
പറയുന്നു. മണ്ഡലകാലം, മകരവിളക്ക്, വിഷു
സീസൺ ഒഴികെ ഏതു സമയത്തും ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ കയറുന്നതിനു
യാതൊരു തടസങ്ങളുമുണ്ടായിരുന്നില്ല . അങ്ങനെ സ്ത്രീകളെ വിലക്കുന്ന യാതൊരു
ആചാരങ്ങളുമില്ല.
❓ എന്തൊക്കെ
തെളിവുകളാണ് സുപ്രീംകോടതിയെകൊണ്ട് ഇങ്ങനെ തീരുമാനം എടുപ്പിച്ചത് ?
👉തന്ത്രിമാരും,
രാജകുടുംബവും, ദേവസ്വം ബോർഡും നൽകിയ
സത്യവാംഗ്മൂലങ്ങളുടെയും, മൊഴികളുടെയും, വാദങ്ങളുടെയും
അടിസ്ഥാനത്തിലാണ് 12 വർഷമെടുത്ത് ഇത്തരത്തിലൊരു വിധി
പറഞ്ഞത്.
👉തിരുവിതാംകൂർ
മഹാരാജാവും, മഹാറാണിയും, ദിവാനും
കൂടി 1939 ൽ ശബരിമലയിൽ പ്രവേശിച്ചിട്ടുണ്ട് . ശബരിമലയിലെ
ആചാര അനുഷ്ഠാനങ്ങൾക്ക് കഴിഞ്ഞ 40 വർഷക്കാലമായി വലിയ മാറ്റങ്ങൾ
ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് 1950 നു ശേഷം.
കഴിഞ്ഞ 20 വർഷക്കാലമായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും
ശബരിമലയിൽ ചോറൂണിനായി എല്ലാ മാസവും ആദ്യ അഞ്ചു ദിവസങ്ങളിൽ കയറിയിട്ടുണ്ട്.
കൊല്ലവർഷം 1116 ചിങ്ങം ഒന്നിന് തന്റെ കൊച്ചുമകളുടെ
ചോറൂണ് കുടുംബസമേതം നടത്തിയത് ശബരിമലയിലായിരുന്നു എന്ന് മുൻ ദേവസ്വം കമ്മീഷണർ
ശ്രീമതി എസ് ചന്ദ്രിക ഹൈക്കോടതിയിൽ നൽകിയ കൗണ്ടർ അഫിഡവിറ്റിൽ സമ്മതിക്കുന്നു.
മക്കളില്ലാത്തതിനാൽ അങ്ങനൊരു നേർച്ച നേർന്നതായിരുന്നു ശബരിമലയിൽ പ്രവേശിക്കാൻ
കാരണമായി അവർ പറഞ്ഞത്. ഈ അടുത്തകാലത്തും യുവതികളായ സ്ത്രീകൾ ശബരിമലയിൽ കയറി അവരുടെ
മക്കളുടെ ചോറൂണ് ഉൾപ്പെടെ നടത്താറുണ്ട്. അതിനു ദേവസ്വം ബോർഡ് പണം ഈടാക്കി രസീതും
നല്കാറുണ്ടായിരുന്നു.
ഈ വസ്തുതകൾ കോടതി പരിഗണിച്ചു.
❓ ആരാണ് തന്ത്രി
എന്താണ് ? എന്തൊക്കെയാണ് അധികാരങ്ങൾ ?
👉ശബരിമല
ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ താന്ത്രിക വിധിക്കനുസരിച്ച് ക്ഷേത്രത്തിലെ
ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കുന്ന ഏറ്റവും ഉന്നതനായ ക്ഷേത്ര ഭരണാധികാരിയാണ് തന്ത്രി.
ബ്രാഹ്മണ സമുദായത്തിൽ നിന്നും നിന്നും
പ്രത്യേക അധികാരമുള്ള കുടുംബത്തിലെ പരമ്പരാഗത കീഴ്വഴക്കങ്ങളനുസരിച്ച് പിന്തുർച്ച അവകാശങ്ങളുള്ള ആളാണ് തന്ത്രി.
ശബരിമലയുടെ പൂജാകർമ്മങ്ങളുമായി ബന്ധപ്പെട്ട് അവസാനത്തെ വാക്ക് തന്ത്രിയുടേതാണ്.
മൂർത്തികളെ പ്രതിഷ്ഠിക്കുന്നതും തന്ത്രി കുടുംബത്തിലെ ഗുരുവാണ്.
❓എന്തിന്റെ
അടിസ്ഥാനത്തിലാണ് തന്ത്രി പ്രവർത്തിക്കുന്നത് ? ഏത്
വേദിക് ഗ്രന്തങ്ങൾക്കനുസരിച്ചാണ് പ്രവർത്തനം ?
👉1428 AD യിൽ
ചീനാസ് നാരായണൻ നമ്പൂതിരിപ്പാട് ക്രോഡീകരിച്ച തന്ത്ര സമുച്ചയം എന്ന ഗ്രന്ഥത്തിലാണ്
കേരളത്തിലെ ക്ഷേത്രങ്ങളുടെ നിർമ്മാണം തൊട്ട് പൂജാവിധികളും കർമ്മങ്ങളും വരെ പ്രതിപാദിച്ചിട്ടുള്ളത്.
❓
തന്ത്രിക്ക് ശബരിമലയുടെ ഉടമസ്ഥാവകാശമോ മറ്റോ
അവകാശപ്പെടാൻ സാധിക്കുമോ ?
👉ഒരിക്കലും
ഇല്ല. ആത്യന്തികമായി രാജ്യത്തെ ഭരകൂടത്തിന്റെ അധീനതയിൽ തന്നെയാണ് ആരാധനാലയങ്ങൾ
ഉള്ളത്. താന്ത്രിക ആചാരാനുഷ്ടാനങ്ങളുടെ അവസാനത്തെ വാക്ക്. ശബരിമലയിലെ മൂർത്തിയുടെ
കാവൽക്കാരൻ എന്നതാണ് അദ്ദേഹത്തിന്റെ അവകാശം.
❓പന്തളം
രാജകുടുംബത്തിനുള്ള അവകാശങ്ങൾ എന്തൊക്കെയാണ് ?
👉അയ്യപ്പൻ തൻെറ്റ കൂട്ടിക്കാലം
ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലാണെന്ന് ചരിത്രരേഖ. കേരളത്തിൽ നിലനിന്നിരുന്ന ഒരു
രാജവംശമാണ് പന്തളം രാജവംശം. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ
രാജവംശം എന്ന് വിശ്വസിക്കുന്നു. ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു
വലിയ പദവി ഉണ്ടാക്കിക്കൊടുക്കുന്നു.
👉സ്വാതന്ത്ര്യത്തിനു
ശേഷം പന്തളം രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും നിയമപരമായി സർക്കാരിന് കൈമാറിയതാണ്.
എന്നാൽ പന്തളം രാജകുടുംബത്തിന്
വലിയകോയിക്കൽ ക്ഷേത്രത്തിലേയും ശബരിമലയിലെയും ആചാരാനുഷ്ടാനങ്ങളുടെ
നടത്തിപ്പും, തന്ത്രവിധികളിൽ ഇടപെടാനായുള്ള
അധികാരങ്ങൾ എഗ്രിമെന്റ്/കവനന്റ്
പ്രകാരം നിലനിൽക്കുകയും ഇപ്പോഴും നൽകി
പോരുകയും ചെയ്യുന്നുണ്ട് .
❓രാജ
കുടുംബത്തിനുള്ള പ്രത്യേക ആചാരങ്ങൾ എന്തെല്ലാമാണ് ?
👉നിയമപരമായി ശബരിമലയിലെ സ്വത്തുവകകളുമായോ, മറ്റു പ്രോപർട്ടിയിലോ രാജകുടുംബത്തിന് നിയമപരമായ വ്യവഹാര അധികാരങ്ങൾ ഇല്ല.
👉ശബരിമല
അയ്യപ്പന്റെ ആഭരണങ്ങളെയാണ് തിരുവാഭരണം എന്ന് വിളിക്കുന്നത്. സ്വർണ്ണത്താൽ
നിർമ്മിക്കപ്പെട്ട ഇവ പന്തളരാജാവ് ശബരിമല ശാസ്താവിനു നൽകിയതാണെന്ന്
വിശ്വസിക്കപ്പെടുന്നു. പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ സൂക്ഷിക്കുന്ന ഇവ
മകരവിളക്ക് ദിവസം ശബരിമലയിലെത്തിക്കുകയും അയ്യപ്പവിഗ്രഹത്തിൽ ചാർത്തുകയും ചെയ്യും.
മൂന്നു പെട്ടിയിലാണ് തിരുവാഭരണം കൊണ്ടുപോകുന്നത്.
👉രാജകുടുംബാംഗങ്ങളുടെ
സ്വകാര്യ പ്രാർത്ഥനയ്ക്കുള്ള അമ്പലമാണ്
അച്ചൻകോവിലാറിന്റെ കരയിൽ സ്ഥിതി
ചെയ്യുന്ന പന്തളം വലിയകോയിക്കൽ ശാസ്താ ക്ഷേത്രം. അയ്യപ്പന്റെ നിത്യ പൂജകൾക്കായി
രാജശേഖര രാജാവ് നിർമ്മിച്ചതാണ്. കൊട്ടാര സമുച്ചയത്തിനുളളിൽ സ്ഥിതി ചെയ്യുന്ന
ക്ഷേത്രത്തിൽ വിഗ്രഹത്തിന് പകരം 12 സാളഗ്രാമങ്ങളാണുളളത്. എല്ലാ വർഷവും
ധനു 28ന് മകരവിളക്കിന് മുമ്പായി തുടങ്ങുന്ന
"തിരുവാഭരണ ഘോഷയാത്ര" വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ്
ആരംഭിക്കുന്നത്
👉പന്തളം
കൊട്ടാരത്തിലെ വലിയ തമ്പുരാന് പതിനെട്ടാംപടി ചവിട്ടാനുളള അനുവാദമില്ല.
👉ഉപനയനം
കഴിയാത്ത ആൺകുട്ടികൾക്കും സ്ത്രീകൾക്കും ശബരിമല തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ
കഴിയില്ല.
👉മകരവിളക്ക്
ദിവസം കൊട്ടാരത്തിലെ ഒരു അംഗവും ശബരിമലയിൽ പോകാറില്ല.
👉പന്തളം
രാജകുടുംബാങ്ങൾക്ക് ഇരുമുടികെട്ട് നിർബന്ധമല്ല.
കൊട്ടാരത്തിലെ ഏതെങ്കിലും ഒരു അംഗം
മരിച്ചാൽ പന്തളം വലിയകോയിക്കൽ ക്ഷേത്രം 12 ദിവസത്തേക്ക്
അടച്ചിടും
👉ശബരിമല
ക്ഷേത്രത്തിലെ നടയ്ക്ക് നേരെ മുന്നിൽ രാജ കുടുംബാംഗങ്ങൾ നിൽക്കില്ല
❓സുപ്രീംകോടതി
വിധി എപ്പോഴാണ് നിയമമാകുക ?
👉വിധി
വന്ന സെപ്റ്റംബർ 28 നു തന്നെ ഇത് രാജ്യത്തെ നിയമമായി
മരിച്ചു നടപ്പിലാക്കപ്പെട്ടു കഴിഞ്ഞു. വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുള്ള
ഭൗതിക സാഹചര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തുക എന്ന സാങ്കേതിക
കാര്യങ്ങളാണ് ബാക്കിയുള്ളത്.
❓ഈ വിധി സ്റ്റേ
ചെയ്യാൻ സുപ്രീം കോടതിക്ക് സാധിക്കുമോ ?
👉ഇല്ല.
ഈ വിധിക്കെതിരെ ഈ രാജ്യത്ത്
മറ്റേതെങ്കിലും കോടതിയിലോ, ഈ വിധി പുറപ്പെട്ടുവച്ച
സുപ്രീംകോടതിയിൽ തന്നെയോ അപ്പീൽ നൽകാൻ സാധിക്കില്ല. ഇൻട്രാ കോർട്ട് അപ്പീലുകൾ അഥവാ
സുപ്രീംകോടതിയിലെ ഏതെങ്കിലും വിധിക്കെതിരെ അപ്പീൽ സാധ്യമല്ല.
❓അങ്ങനെയെങ്കിൽ
വിധി നടപ്പിൽ വരുത്താതിരിക്കാനുള്ള എന്തെല്ലാം മാർഗങ്ങളുണ്ട് ? എത്ര ശതമാനം സാധ്യതകളാണ് ഉള്ളത് ?
👉കോടതിയുമായി
ബന്ധപ്പെട്ട് മൂന്നു സാഹചര്യങ്ങൾ നില നിൽക്കുന്നു എന്ന് പറയാം.
👉ഒന്ന്
: ആർട്ടിക്കിൾ 137
പ്രകാരമുള്ള റിവ്യൂ ഹർജ്ജി. ഹർജ്ജി ചേമ്പറിൽ വെച്ച പരിശോധിച്ച ശേഷം വാദം
കേൾക്കാൻ തീരുമാനിച്ചില്ലെങ്കിൽ ചേമ്പറുകളിൽ വെച്ചുതന്നെ ഹർജ്ജി തള്ളും.
👉രണ്ട്
: റിവ്യൂ ഹർജ്ജി ഫയലിൽ സ്വീകരിച്ച വാദം കേൾക്കുകയും നിലവിൽ വിധിപറഞ്ഞതിനേക്കാൾ
കൂടുതൽ അംഗങ്ങളുള്ള ലാർജർ ഭരണഘടനാ ബെഞ്ചിന് റെഫർ ചെയ്യുകയോ ചെയ്‌താൽ അല്ലെങ്കിൽ
നിലവിലുള്ള ബെഞ്ച് തന്നെ കൗണ്ടർ
അഫിഡവിറ്റുകൾ മേടിച്ച് പുനർവാദം കേട്ടാൽ സാധ്യതകൾ ഒരു ശതമാനം മാത്രമാണ്.
👉മൂന്ന്
: കുറേറ്റിവ് ഹർജ്ജി. ഒരു എക്സ്ട്രാ ജുഡീഷ്യൽ സാഹചര്യമാണ്. 2002 മുതലാണ്
ഒരു പൗരനും, ഒരു
കേസിലും നാച്ചുറൽ ജസ്റ്റിസിന്റെ
ലംഘനമുണ്ടായിട്ടില്ല എന്ന ഉറപ്പിന് വേണ്ടി ഒരു അന്തിമ പരിശോധനയ്ക്കുള്ള സാധ്യതയായ
കുറേറ്റിവ് ഹർജ്ജിക്കുള്ള അവസരം
നൽകിവരുന്നത്. സാധ്യത പോയന്റ് ഒരു ശതമാനം മാത്രമാണ്. 2002 മുതൽ അകെ രണ്ട് കുറേറ്റിവ് ഹർജ്ജി മാത്രമാണ് വിജയിച്ചിട്ടുള്ളത്.
👉അത്
ഞാൻ നേരത്തെ പറഞ്ഞതുപോലെ നൂറിൽ ഒരു ശതമാനം പോലും വിജയസാധ്യത ഇല്ലാത്ത ഒരു
പരിപാടിയാണ്. അഞ്ചംഗ ഭരണഘടന ബെഞ്ച് 12 വർഷങ്ങൾകൊണ്ട്
പറഞ്ഞ വിധി എന്തായാലും അതിനും മുകളിലുള്ള 7 അംഗ
ബെഞ്ചിലേക്ക് വിടുമെന്ന് നിയമത്തിൻറെ ബാലപാഠങ്ങൾ അറിയുന്ന ആരും ചിന്തിക്കില്ല.
❓അതെന്താ റിവ്യൂ
പെറ്റിഷനിൽ ഈ വിധി മാറ്റാൻ പറ്റില്ലേ?
👉പറ്റും,
എങ്ങനെയാണെന്ന് പറയാം. ആദ്യം റിവ്യൂ പെറ്റിഷൻ എന്താണെന്നു പറയാം
ഭരണഘടനയുടെ അനുച്ഛേദം 137 പ്രകാരം സുപ്രീം കോടതിയുടെ ഏത്
വിധിയും റിവ്യൂ അഥവാ റീ എക്‌സാമിനേഷൻ അഥവാ പുനഃപരിശോധനയ്ക്ക് വിധേയമാണ്.
1966 സുപ്രീം കോടതി റൂൾ പ്രകാരം ആദ്യത്തെ
വിധി പ്രഖ്യാപിച്ച അതേ ബെഞ്ചിനും ജഡ്ജിമാരുടെയും മുന്നിലായിരിക്കണം റിവ്യൂ
പെറ്റിഷൻ വരേണ്ടത്. വിധി പ്രഖ്യാപിച്ച് 30 ദിവസത്തിനകം
അത് നൽകണം. റിവ്യൂ പെറ്റിഷൻ ഒരു അപ്പീൽ അല്ല.
ആദ്യവിധിക്കുവേണ്ടി തുറന്ന കോടതിയിൽ
വക്കീലന്മാരുടെ വാദം കേട്ടതുപോലെ റിവ്യൂ പെറ്റിഷനിൽ വാദ പ്രതിവാദങ്ങളുണ്ടാവില്ല.
ആദ്യ വിധി പറഞ്ഞ ജഡ്ജിമാർ അവരുടെ ചേമ്പറിലാണ് റിവ്യൂ പെറ്റിഷനുകൾ പരിഗണിക്കുക.
അതായത് വാദങ്ങളൊന്നും ഉണ്ടാകില്ല
എന്നർത്ഥം.
കാതലായ എന്തെങ്കിലും തിരുത്തലുകൾ
ആവശ്യമുണ്ടെങ്കിൽ മാത്രമേ പെറ്റിഷൻ തുറന്ന കോടതിയിൽ കേൾക്കുകയുള്ളൂ. സാധാരണഗതിയിൽ
ചേമ്പറിൽ നിന്നുതന്നെ മടക്കുകയാണ് ചെയ്യാറ്.
ശബരിമല കേസുപോലെ സിവിൽകേസുകളിൽ Order
XLVII, Rule I of the Civil Procedure Code, പ്രകാരം ഒരു
പ്രധാനപ്പെട്ട വിഷയം അല്ലെങ്കിൽ തെളിവ് പുനഃപരിശോധിക്കാൻതക്കവിധത്തിൽ ഉണ്ടാകുകയോ,
തങ്ങൾക്ക് മുൻപിൽ വന്ന രേഖകൾ പരിശോധിക്കുന്നതിൽ തെറ്റ് സംഭവിച്ചെന്ന്
കരുതുകയോ, അല്ലെങ്കിൽ മറ്റ് മതിയായ കാരണങ്ങൾ ഉണ്ടാകുകയോ
ചെയ്‌താൽ മാത്രമേ റിവ്യൂ പെറ്റിഷൻ പരിഗണിക്കുകയുള്ളൂ. വളരെ ലിമിറ്റഡ് ആയ
സാഹചര്യങ്ങളിലേ പരിഗണിക്കുകയുള്ളൂ എന്ന് ചുരുക്കം
❓ശബരിമല കേസിൽ
രാഹുൽ ഈശ്വർ പറഞ്ഞതുപോലെ ഇങ്ങനെ പരിഗണിക്കാനും സാധ്യതയില്ലേ?
👉 നൂറിൽ
ഒരു സാധ്യത പോലും ഞാൻ കാണുന്നില്ല, പന്ത്രണ്ട് വർഷക്കാലം വിശദമായി വാദം
കേൾക്കുകയും നാല് അമിക്കസ് ക്യൂറികളുടെ സഹായം കോടതിക്ക് ലഭിക്കുകയും ചെയ്‌ത
കേസാണ്.
സർക്കാരും ക്ഷേത്രം തന്ത്രിയും ഉൾപ്പെടെ
24 എതിർകക്ഷികൾ കേൾക്കുകയും അവരുടെ രേഖകളും
തെളിവുകളും പരിശോധിക്കുകയും വാദങ്ങൾ കേൾക്കുകയും ചെയ്തു. പൂർണ്ണമായും ഭരണഘടനാ
ധാർമ്മികതയിലും നിയമപരിധിയിലും നിന്നുകൊണ്ടാണ് വിധി പറഞ്ഞിട്ടുള്ളത് എന്നതുകൊണ്ട്
ഒരു പുനഃ പരിശോധന സാധ്യമാണെന്ന് തോന്നുന്നില്ല.
❓ഈ വിധി പറഞ്ഞ
ബെഞ്ചിലെ ഒരംഗമായിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച ശേഷം വരുന്ന പുതിയ
അംഗമല്ലേ റിവ്യൂ പെറ്റിഷൻ കേൾക്കുക അങ്ങനെയെങ്കിൽ വീണ്ടും സാധ്യതകളില്ലേ?
👉ഇല്ല.
ഇനി പുതുതായി വരുന്ന ജസ്റ്റിസ് ഈ കേസ് പുനഃപരിശോധനയ്ക്കായി വാദം കേൾക്കാൻ
തീരുമാനിച്ചു എന്നിരിക്കട്ടെ, അവസാനം ശബരിമലയിൽ സ്ത്രീകളെ കയറ്റണ്ട
എന്ന തീരുമാനത്തിലെത്തി എന്നും ഇരിക്കട്ടെ അപ്പോഴും 3:2
എന്ന നിലയിൽ ഭൂരിപക്ഷ വിധി നിലനിൽക്കും. അഥവാ സ്ത്രീകളെ ശബരിമലയിൽ കയറാൻ
അനുവദിക്കേണ്ടിവരും എന്ന് സാരം. ഈ കേസിൽ ആദ്യം വിധിപറഞ്ഞ ജസ്റ്റിസുമാർ വിഷയം
കലക്കി കുടിച്ചിട്ടുള്ളതാകയാൽ അവരിൽ നിന്നും ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല
എന്ന് വിധി വായിച്ച ഒരു അഭിഭാഷകൻ എന്നനിലയിൽ ഉറപ്പിച്ചു പറയാം.
❓രാഷ്ട്രപതിക്ക്
ഈ നിയമം മാറ്റാൻ പറ്റില്ലേ?
👉 ഇല്ല.
അത്തരമൊരു അധികാരം രാഷ്ട്രപതിക്കില്ല. ഭരണഘടനയ്ക്ക് വിരുദ്ധമായി ഒരു ആചാരം വേണം എന്ന്
പറയാൻ ആർക്കാണ് സാധിക്കുക.
❓ഈ വിധി നിയമമാണോ?
👉 അതേ.,
പാർലമെന്റും നിയമസഭയും പാസാക്കുന്ന നിയമം കഴിഞ്ഞാൽ ഇത്തരത്തിൽ
ഭരണഘടനയെ വ്യാഖ്യാനിച്ച് പ്രഖ്യാപിക്കുന്ന വിധികളെ അനൗദ്യോഗികമായി ജഡ്ജ് മെയിഡ് ലോ
എന്ന് ജൂറിസ് പ്രുഡൻസിൽ വിളിക്കും.
❓എന്താണ് ഓർഡിനൻസുകളുടെ
സാധ്യത ?
👉 നിയമനിർമ്മാണ
സഭയ്കുപകരം (പാർലമെന്റ് /നിയമസഭ) യുടെ കാര്യനിർവ്വഹണ (എക്സിക്കുട്ടീവ്) വിഭാഗം
അഥവാ ഗവൺമെന്റ് നിർമ്മിക്കുന്ന നിയമങ്ങളെ ഓർഡിനൻസ് എന്ന് പറയുന്നു.
ഓർഡിനൻസ് എന്നാൽ നിയമനിർമ്മാണ സഭകൾ
പാസാക്കുന്ന നിയമത്തിനു തുല്യമാണ്, ഇവ നിർമ്മിക്കാനുള്ള അധികാരവും
നിയമനിർമ്മാണ സഭയുടേതിന് തുല്യമാണ് ടി വെങ്കിട്ട റെഡ്ഢി Vs. സ്റ്റേറ്റ്
ഓഫ് ആന്ധ്രാപ്രദേശ് കേസിൽ സുപ്രീം കോടതി പറയുന്നു.
❓എപ്പോഴാണ് ഒരു
ഓർഡിനൻസ് കൊണ്ടുവരിക ?
👉നിയമ
സഭ സമ്മേളനങ്ങൾ നടക്കാത്ത സമയങ്ങളിൽ അടിയന്തരമായി നിയമ നിർമ്മാണങ്ങൾ ആവശ്യമായി
വരുമ്പോൾ സംസ്ഥാനങ്ങൾക്ക് വേണ്ടി ഭരണഘടനയുടെ 213
അനുച്ഛേദമനുസരിച്ച് സംസ്ഥാന ഗവർണ്ണർക്ക് നിയമം നിർമ്മിക്കാം.
പാർലമെന്റ് സമ്മേളനങ്ങൾ നടക്കാത്ത
സമയങ്ങളിൽ അടിയന്തരമായി നിയമ നിർമ്മാണങ്ങൾ ആവശ്യമായി വരുമ്പോൾ രാജ്യത്തിന് വേണ്ടി
ഭരണഘടനയുടെ 123 അനുച്ഛേദമനുസരിച്ച് രാഷ്ട്രപതിക്ക്
നിയമം നിർമ്മിക്കാം.
അതായത് അത്യാവശ്യഘട്ടങ്ങളിൽ
നിയമനിർമ്മാണം നടത്താൻ എക്സിക്കുട്ടീവിനുള്ള അധികാരമാണ് ഓർഡിനൻസ്.
❓ ഒരിക്കൽ
പാസാക്കിയാൽ അത് പിന്നീട് നിയമമാണോ ?
👉 അതെ.
ഓർഡിനൻസിൽ പ്രസിഡന്റോ, ഗവർണ്ണറോ ഒപ്പു വെക്കുന്ന ദിവസം മുതൽ
നിയമം പ്രാബല്യത്തിൽ വരുന്നതാണ്. എന്നാൽ ഓർഡിനൻസ് പാസ്സാക്കിയശേഷം വരുന്ന നിയമ
സഭയുടെയോ, പാർലമെന്റിന്റെയോ ആദ്യ സമ്മേളനത്തിലെ ആദ്യ
ആറാഴ്ചകൾക്കുള്ളിൽ ഈ ഓർഡിനൻസ് നിയമസഭയ്ക്ക് മുൻപാകെ പാസാക്കി എടുക്കേണ്ടതാണ്.
❓ പാസായിലെങ്കിൽ
ഓർഡിനൻസിന് എന്ത് സംഭവിക്കും ?
👉 ആദ്യ
സമ്മേളനത്തിൽ പാസാകാത്ത ഓർഡിനൻസുകൾ സമ്മേളന ശേഷം വീണ്ടും പ്രഖ്യാപിച്ച് നിയമമായി
നിലനിർത്താറുണ്ട്.
❓ അങ്ങനെയെങ്കിൽ
ഇപ്പോഴും ഇങ്ങനെ ആവർത്തിച്ച് പ്രഖ്യാപിച്ചാൽ മതിയല്ലോ പാസാകാതെ തന്നെ നിയമമായി
മുന്നോട്ട് കൊണ്ടുപോകാമല്ലോ ?
👉 അതെ
.യഥാർത്ഥത്തിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ ഈ ഭരണഘടന അധികാരം
ഉപയോഗിച്ച് പാര്‍ലിമെന്റും, നിയമസഭകളും ഓർഡിനൻസുകൾ പാസാക്കാതെ
വീണ്ടും വിളംബരം ചെയ്യാറുണ്ട്. ഈ പ്രവണതകളെ സുപ്രീം കോടതി അതിന്റെ വിവിധ സുപ്രധാന
വിധികളിലൂടെ ശക്താമായി ഇല്ലായ്മ ചെയ്തിട്ടുണ്ട്.
ഭരഘടനപരമായ വഞ്ചന എന്നാണ് ഈ പ്രവണതയെ കോടതി
വിവിധ കേസുകളിൽ വിശേഷിപ്പിച്ചിട്ടുള്ളത്.
1952 മുതൽ 2014
വരെ ഇത്തരത്തിൽ ഏകദേശം 637 ഓർഡിനൻസുകൾ കേന്ദ്രസർക്കാർ
കൊണ്ടുവന്നിട്ടുണ്ട്. ഇതിൽ പല നിയമങ്ങളും ഓർഡിനൻസിന് ശേഷമുള്ള ആദ്യ സമ്മേളനത്തിൽ
പാസാകാത്തതിനെ തുടർന്ന് റദ്ദ് ആക്കപ്പെട്ടിട്ടുണ്ട്.
1967 മുതൽ 1981
വരെ ഏകദേശം 256 ഓർഡിനൻസുകൾ ബീഹാർ ഗവൺമെന്റ്
കൊണ്ടുവന്നിട്ടുണ്ടെങ്കിലും അതിൽ 189 എണ്ണം
മാത്രമാണ് പാസായിട്ടുള്ളത്. ഇത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക്
വിരുദ്ധമാണെന്നും എക്സിക്കുട്ടീവിന്റെ ഭരണഘടനാ വഞ്ചനയാണെന്നും സുപ്രീംകോടതി വിധികൾ
പുറപ്പെടുവിച്ചിട്ടുണ്ട്.
wc വാധ്വ കേസിലും, പി
വജ്രവേലു മൂതലിയാർ കേസിലും അങ്ങേയറ്റം അടിയന്തര ഘട്ടങ്ങളിൽ മാത്രമേ ഓർഡിനൻസ്
നിർമിക്കാൻ പാടുള്ളൂ എന്ന് സുപ്രീം കോടതി വിധി നിലവിലുണ്ട്. മറിച്ചുള്ള ഓർഡിനൻസുകൾ
അധികാര ദുർവിനിയോഗമാണെന്നും കോടതി പറയുന്നു
❓ എത്രപ്രാവശ്യം
ഓർഡിനൻസുകൾ സഭകളിൽ പാസാക്കാതെ മുന്നോട്ട് കൊണ്ടുപോകാം ?
👉 മൂന്നു
പ്രാവശ്യം ഓർഡിനൻസുകൾ പാസാക്കാതെ വീണ്ടും പ്രഖ്യാപിച്ച് മുന്നോട്ട് കൊണ്ടുപോകാം
പ്രസിഡന്റിനും , ഗവർണ്ണക്കുമുള്ള
സംസ്ഥാന കേന്ദ്ര ക്യാബിനറ്റിന്റെ ഉപദേശ പ്രകാരം ഓർഡിനൻസ് പുറപ്പെടുവിക്കാം.
❓ ഓർഡിനൻസുകൾ
ജുഡീഷ്യൽ റിവ്യൂ ബാധകമാണോ ?
👉 തീർച്ചയായും,
കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ പ്രഖ്യാപിക്കുന്ന ഓർഡിനൻസുകളുടെ ഭരഘടന
സാധുതകൾ കോടതികൾക്ക് പരിശോധികം ഭരണഘടനാ ലംഘനം കണ്ടെത്തിയാൽ ഓർഡിനൻസ് റദ്ദാക്കി
ഉത്തരവിറക്കാനും കോടതികൾക്ക് അധികാരമുണ്ട്.
❓ മേൽ വസ്തുതകളുടെ
അടിസ്ഥാനത്തിൽ ശബരിമല വിഷയത്തിലെ ഓർഡിനൻസ് എന്ന ആവശ്യത്തെ നോക്കികാണുമ്പോൾ
ഉരുത്തിരിയുന്ന വസ്തുതകൾ ഇങ്ങനെയാണ്
👉ഭരണഘടന
പൗരന് നൽകുന്ന മൗലിക അവകാശങ്ങൾ ലംഗിച്ചുകൊണ്ട് സംസ്ഥാനത്തിനോ കേന്ദ്രത്തിനോ
ഓർഡിനൻസ് ഇറക്കാൻ സാധിക്കില്ല.
👉ശബരിമലയിലെ
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഭരണഘടനാ വിധിയിൽ പാർട്ട് മൂന്നിലെ
മൗലികാവകാശനങ്ങളുടെ ലംഘനങ്ങൾ കണ്ടത്തി റദ്ധാക്കിയ സ്ത്രീ പ്രവേശനം നിരോധിക്കുന്ന
കേരള നിയമത്തിലെ വകുപ്പ് മറ്റൊരു രീതിയിലും ഓർഡിനൻസായി കൊണ്ടുവരുവാൻ സാധിക്കില്ല.
👉അത്തരത്തിൽ
ഒരു ഭരണഘടന വിരുദ്ധ ഓർഡിനൻസ് കൊണ്ടുവന്നാൽ കൊണ്ടുവരുന്ന സംസ്ഥാനത്തിനോ, കേന്ദ്ര സർക്കാരിനോ കോടതിയുടെ അതിശക്തമായ ശകാരം ഉണ്ടാകുകയും, ഓർഡിനൻസ് റദ്ധാക്കപ്പെടുകയും കോടതി അലക്ഷ്യത്തിനു ഉൾപ്പെടെ
എക്സിക്കുട്ടീവിനെ വിളിച്ചുവരുത്താനുള്ള അധികാരവും കോടതികൾക്കുണ്ട്. ഇത്തരത്തിൽ
കോടതി പരാമർശങ്ങളുടെ പേരിൽ ഗവൺമെന്റുകൾ രാജിവെച്ച ചരിത്രതം കേന്ദ്രത്തിലും,
കേരളത്തിലും ഉള്ളതിനാൽ സുപ്രീം കോടതിയെ വെല്ലുവിളിച്ചു കേന്ദ്രമോ
കേരളമോ ഈ വിഷയത്തിൽ നിയമ നിർമ്മാണമോ ഓർഡിനൻസോ കൊണ്ടുവരില്ല എന്ന് നിസംശയം പറയാം.
👉 ഇനി
അഥവാ ഭരണഘടന വിരുദ്ധമായി അത്തരമൊരു ഓർഡിനൻസ് കൊണ്ടുവരികയും ഗവർണ്ണറോ, രാഷ്ട്രപതിയെ അത് അംഗീകരിക്കുകയും ചെയ്താലും ദിവസങ്ങൾക്കുള്ളിൽ
അതിന്റെ ഭരണഘടന പരിശോധന കോടതി നടത്തുകയും ശ്രദ്ധക്കുകയും സ്ത്രീ പ്രവേശനം
സാധ്യമാകും വിധം ഭരണഘടന ബെഞ്ചിന്റെ വിധി നിലവിൽ വരികയും ചെയ്യും.
കേവലം ഭാഗികമായൊരു വിഭാഗത്തിന്റെ
വോട്ടുബാങ്കിനു വേണ്ടി രാഷ്ട്രീയ പാർട്ടികളും, ഗവണ്മെന്റുകളും
ഇത്തരത്തിൽ ഒരു ആത്മഹത്യാ പരമായ തീരുമാനത്തിലേക്ക് പോകുമെന്ന് വിശ്വസിക്കാൻ ഒരു
സാധാരണക്കാരനുപോലും സാധിക്കില്ല.
❓ശബരിമല നട
തുറന്നതിനു ശേഷം അവിടെയെത്തുന്ന യുവതികൾക്ക് പോലീസ് സംരക്ഷണം നിയമപരമായി
ആവശ്യപ്പെടാൻ സാധിക്കുമോ ? അത് നൽകാൻ പൊലീസിന് ബാധ്യതയുണ്ടോ ?
👉തീർച്ചയായും
ആവശ്യപ്പെടാൻ ഏതൊരു സ്ത്രീക്കും, നൽകാൻ പോലീസിനും അവകാശവും
ഉത്തരവാദിത്വവുമുണ്ട്.
❓ അങ്ങനെ സംരക്ഷണം
തരാൻ തയ്യാറായില്ലെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും ?
👉 ഉന്നത
ഉദ്യോഗസ്ഥർക്ക് പരാതി നൽകാം. അവിടെയും പരിഗണിച്ചില്ല എങ്കിൽ സ്വകാര്യ അന്യായവുമായി
കോടതിയെ സമീപിക്കാം.
❓ ഏത്
ഘട്ടത്തിലാണ് പൊലീസിന് നിങ്ങളെ പിന്തിപ്പിക്കാൻ സാധിക്കുക ?
👉 ഒരു
കലാപത്തിന്റെയോ, നിയമവാഴ്ച തകരുകയോ, അത്യാഹിതം മുൻകൂട്ടി അറിയുകയോ, അപകടം
മുന്നിൽ കാണുകയോ ചെയ്യുന്ന ഘട്ടത്തിൽ പൊതുതാല്‍പര്യം മുൻ നിർത്തി നിങ്ങളുടെ വ്യക്തിപരമായ അവകാശങ്ങളെ താത്കാലികമായി തടയാൻ
പോലീസിനും അധികാരികൾക്കും അവകാശമുണ്ട്.
❓ പ്രതിഷേധത്തിന്റെ
ഭാഗമായി വഴി തടയാനോ, വാഹനങ്ങൾ തടയാനോ, തിരിച്ചറിയൽ വയസ്സ് തെളിയിക്കുന്ന രേഖകൾ കാണിക്കാനോ നിയമപരമായി
ആർക്കെങ്കിലും അവകാശമുണ്ടോ ?
👉 ഇല്ല.
പോലീസിനോ മറ്റ് അധികാരികൾക്കോ നിയമമനുസരിച്ചു ചില ഘട്ടങ്ങളിലല്ലാതെ മറ്റൊരു
വ്യക്തിക്കും നിങ്ങളെ തെരുവിൽ തടയാനോ, വാഹനം
പരിശോധിക്കാനോ, തിരിച്ചറിയ വയസ്സ് തെളിയിക്കുന്ന രേഖകൾ
ആവശ്യപ്പെടാനുള്ള അവകാശമില്ല
എന്നുമാത്രമല്ല. അത്തരം പ്രവർത്തികൾ ജാമ്യമില്ലാത്ത ക്രിമിനൽ കുറ്റമാണ്. ഉടൻ
പൊലീസിന് പരാതികൾ നൽകുക.
❓ സ്ത്രീ പ്രവേശനം
ഉണ്ടായതിന്റെ ഫലമായി തന്ത്രി ക്ഷേത്രം അടച്ചു പൂട്ടി താക്കോൽ കൊട്ടാരത്തിൽ
ഏൽപ്പിച്ചുവെന്നിരിക്കട്ടെ.. അങ്ങനെയെങ്കിൽ സർക്കാരിന് എന്തു ചെയ്യാൻ പറ്റും?
രാജാവിന്റെ കാരുണ്യം കാത്ത് സർക്കാർ കാത്തിരിക്കേണ്ടി വരുമോ?
വേണ്ട.
അതൊരു വ്യാജ പ്രചാരണമാണ്. കാരണം 26 /11 /1949 ൽ ഭരണഘടന സമിതി ഭരണഘടനാ അംഗീകരിക്കുന്നതിന്
മുൻപായി രാജാക്കന്മാർ തമ്മിലുണ്ടാക്കിയിട്ടുള്ള കവനന്റ് അഥവാ ഉടമ്പടികൾ ഭരണഘടനാ
വന്നതിനു ശേഷം നിയമപരമായി നിലനിൽക്കില്ല. അല്ലെങ്കിൽ രാജാക്കന്മാർ
അധികാരകൈമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യൻ യൂണിയനുമായി ഏർപ്പെട്ട കരാർ ആയിരിക്കണം.
തിരുവിതാംകൂർ -കൊച്ചി രാജാക്കന്മാർ തമ്മിലുള്ള ഉടമ്പടി വന്നത് ഭരണഘടന
അംഗീകരിക്കുന്നതിനും മുൻപ് 01 /07 /1949 നു ആയതിനാൽ അതൊരു കൺകറൻറ് ലിസ്റ്റിൽ വരുന്ന
നിയമമോ, റൂളോ ഓർഡിനൻസോ ഒന്നുമല്ല ആർട്ടിക്കിൾ 366
(10 )പ്രകാരം എക്സിസ്റ്റിങ് ലോ എന്ന അവകാശവാദവും
ഉന്നയിക്കാൻ പറ്റില്ലെന്ന് കേരളം ഹൈക്കോടതി വിധിച്ചിട്ടുണ്ട് .
ദേവ എന്ന് പറഞ്ഞാൽ ദൈവം, സ്വം എന്ന് പറഞ്ഞാൽ ഉടമസ്ഥാവകാശം ദേവസ്വം എന്ന് പറഞ്ഞാൽ ദൈവത്തിന്റെ
ഉടമസ്ഥാവകാശം എന്ന് സംസ്കൃതത്തിൽ അർഥം അപ്പോൾ ശബരിമല ഉൾപ്പെടെ ഉള്ള ക്ഷേത്രങ്ങളുടെ
പൂർണ അധികാരി ദേവസ്വവും സർക്കാരുമാണ്. അവിടുത്തെ പൂജാവിധികളും താന്ത്രിക
കർമ്മങ്ങളിൽ തന്ത്രിക്കും, ഉടമ്പടി പ്രകാരം ആചാരാനുഷ്ടാനങ്ങൾ തീരുമാനിക്കുന്നതിൽ രാജ
കുടുംബത്തിനും ചില അവകാശങ്ങൾ നൽകുന്ന
കീഴ്വഴക്കങ്ങൾ പാലിച്ചു പോകുന്നു എന്നല്ലാതെ ഒരു അധികാരവും രാജ കുടുംബത്തിനോ തന്ത്രിക്കോ
ഇല്ല.
❓ ശബരിമല
പൂട്ടിയാൽ എന്ത് ചെയ്യും ?
👉 ക്ഷേത്രത്തിന്റെ
താക്കോൽ നട പൂട്ടിയാൽ സൂക്ഷിക്കുന്നത് ദേവസ്വം ബോർഡാണ് അഥവാ സർക്കാരാണ്. അതുകൊണ്ടു
തന്നെ സ്ത്രീ പ്രവേശനമുണ്ടായി പ്രതിഷേധിച്ചു ക്ഷേത്രം പൂട്ടി തന്ത്രി പോയാൽ താഴ്‌മൺ
കുടുംബത്തിലെ ആരെങ്കിലും പൂജാവിധികൾക്ക് തയ്യാറായാൽ അല്ലെങ്കിൽ മറ്റൊരു
കുടുംബത്തിലെ തന്ത്രിയെ ഏൽപ്പിക്കാൻ സർക്കാർ തയ്യാറായാൽ രാജാവിന്റെ കുടുംബങ്ങൾക്കോ
മറ്റാർക്കെങ്കിലുമോ ഒന്നും ചെയ്യാനാവില്ല.
❓ അപ്പോൾ രാജകുടുംബത്തിന്റെ
ആജ്ഞകൾ ഒന്നും നടപ്പിലാകില്ലേ ?
👉 1949 ൽ
ഭരണഘടന സ്വീകരിച്ച ശേഷം രാജ്യത്ത് യാതൊരു വിധ അധികാര സ്ഥാന പേരും നിലനിൽക്കില്ല. ആർക്കും അങ്ങനെ ഒരു
രാജാവിന്റെയോ, മന്ത്രിയുടെയോ, സ്ഥാനപ്പേര്
നല്കാൻ പാടില്ല എന്നാണ് നിയമം. അവർക്ക് ആജ്ഞാപിക്കാനോ ഉത്തരവിടാനോ, ആനുകൂല്യങ്ങൾ എന്തെങ്കിലും പാട്ടാണോ അധികാരമില്ല. സാധാരണ പൗരനെ പോലെ
എല്ലാ നിയമങ്ങളും ഭരണഘടനയും അംഗീകരിച്ചു മുന്നോട്ടു പോകണം. കഴിഞ്ഞ ദിവസം നാം
കണ്ടതല്ലേ രാജ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കം ചെയ്യുന്നത്. അതുകൊണ്ടുതന്നെ
ഇവിടെ രാജാവിന്റെ പേരിൽ ശബരിമല ക്ഷേത്രത്തെ സംബന്ധിച്ച് വരുന്നവയെല്ലാം അടിസ്ഥാന രഹിതമായ
വാർത്തകളാണ്. പൂട്ടിയിടാൻ കല്പിക്കാനോ, ക്ഷേത്രത്തിൽ
അവകാശ വാദമുന്നയിക്കണോ രാജ കുടുംബത്തിനോ തന്ത്രിക്കോ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട കോടതി
വിധിയിൽ പറയുന്നത് നോക്കൂ
❓ ഒരു ഉപചോദ്യം
കൂടി. തന്ത്രിയുടെ ഇന്നത്തെ നിലപാട് കോടതിയലക്ഷ്യമാവുമോ?
👉 തന്ത്രിയുടെയും
പരസ്യമായി കോടതി വിധിക്കെതിരെ സമരം ചെയ്ത പരികർമ്മികളുടെയും നിലപാട് പൂർണ്ണമായും 1971 ലെ കോടതി അലക്ഷ്യ നിയമത്തിലെ വകുപ്പ് 2 (c
) പ്രകാരം കുറ്റകരമാണ്
ഒരു കലാപം മുൻകൂട്ടി കണ്ടു ഒരു പൗരന്റെ
അവകാശങ്ങളെ താത്കാലികമായി ഇന്ന് പോലീസ് തടഞ്ഞു എന്ന് തന്നെ വിശ്വസിക്കാം...
ഇനിയുള്ള ദിവസങ്ങളിലും ഇത് തന്നെ തുടരില്ലേ.. അങ്ങനെ പോയാൽ വേറെ എന്താണ്
വഴിയുള്ളത് പൊലീസിന് ഇതൊക്കെ അതിജീവിച്ചു മലകയറാൻ വരുന്നവരെ അവരുടെ
ലക്ഷ്യത്തിലെത്തിക്കാൻ??
തീർച്ചയായും വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു
സൈന്യത്തെ വിന്യസിച്ചിട്ടാണെങ്കിലും ഭരണഘടന അവകാശങ്ങൾ സിവിൽ റൈറ്റ്സ്
സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്. ആദ്യം വിശ്വാസികളെ ബോധവത്കരിക്കുക
നടന്നില്ലെങ്കിൽ നിയമ നടപടികൾ എടുത്ത് മുന്നോട്ട് പോകേണ്ടിവരും
❓ ഒരിക്കലും ഈ
വിധിയെ മറികടക്കാൻ കഴിയില്ല എന്നത് സത്യമല്ലേ ???
👉 സുപ്രീംകോടതി
മറിച്ചൊരു തീരുമാനമെടുത്തില്ലെങ്കിൽ ഈ വിധിയെ മറികടക്കുക എന്നത് ഹിമാലയൻ ടാസ്ക്ക്
തന്നെയാണ്
❓ അപ്പോഴും ഭരണഘടന
ഭേദഗതി എന്നൊരു സാധ്യത പാർലമെൻ്റിന് മുന്നിൽ ഇല്ലേ. ശബരിമല പോലെ യുവതികൾക്ക്
വിലക്കുള്ള ക്ഷേത്രം മാത്രമല്ല, പുരുഷന്മാർക്ക് വിലക്കുള്ള ചില
ക്ഷേത്രങ്ങളും രാജ്യത്തുണ്ട്. സുന്നിപ്പളളികളിൽ സ്ത്രീ വിലക്കുണ്ട്, ആറ്റുകാൽ പൊങ്കാല പോലെയുള്ള പ്രസിദ്ധമായ ചടങ്ങുകളിൽ പുരുഷന്മാർക്ക്
വിലക്കുണ്ട്. അങ്ങനെ നോക്കുമ്പോൾ religious practice ൽ
ചില ഭാഗത്ത് gender
equality restrict ചെയ്യേണ്ടതായി വരും അങ്ങനെ ഒരു സാഹചര്യമുള്ളതു കൊണ്ട് പാർലമെൻ്റിന്
ഒരു അമെൻ്റ്മെൻ്റിനു സാധ്യത തുറന്നു കിടക്കുകയല്ലേ. Right to equality ഭാഗത്ത് ഈ religious വിഷയങ്ങൾ കാട്ടിക്കൊണ്ട് ഒരു ക്ലോസ് add
ചെയ്താൽ അതിലൊരു തർക്കം പിന്നെ ഉണ്ടാവില്ലല്ലോ. അങ്ങനെ ഒരു ഭേദഗതി
നടത്തിയ ശേഷം രാഷ്ട്രപതിയുടെ ഒരു ഓർഡിനൻസ് ഇറക്കിയാൽ പ്രശ്നം പരിഹരിച്ചു കൂടെ.
അപ്പോൾ പിന്നെ ഭരണഘടന വിരുദ്ധമെന്ന് പറഞ്ഞ് കോടതിക്ക് ഓർഡിനൻസ് റദ്ദ് ചെയ്യാൻ
കഴിയില്ലല്ലോ.
👉 തത്വത്തിൽ
സുപ്രീംകോടതിയുടെ ശബരിമല കേസിലൂടെ താങ്കൾ മുകളിൽ പറഞ്ഞ എല്ലാ ആരാധനാലയങ്ങളിലെയും
വിവേചനം അത് ആണിനോടായാലും, പെണ്ണിനോടായാലും ഇല്ലാതായിരിക്കുകയാണ്.
ആർകെങ്കിലും നേരിടുന്ന നിഷേധം ചൂണ്ടികാണിച്ചു ഈ വിധിയുടെ റെഫറൻസിൽ കോടതികളെ
സമീപിച്ചാൽ അവരെ അവിടെ കയറ്റേണ്ടതായിട്ട് വരും എന്നതാണ് യാഥാർഥ്യം.
👉രണ്ടാമത്തെ
ഭരണഘടന ഭേദഗതിയുടെ കാര്യം ഭരണഘടനയിലെ എന്തും
പാർലമെന്റിൽ നിക്ഷിപ്തമായ ഇൻഹെറെന്റ് അധികാരം ഉപയോഗിച്ച് ഭേദഗതി വരുത്താൻ
സാധിക്കില്ല അങ്ങനെ മൗലികാവകാശങ്ങൾ പോലും ഭേദഗതി ചെയ്തു ഭരണഘടനയുടെ ബെയിസ്ക്
സ്ട്രക്ച്ചറിനെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി കോടതിയുടെ പോലും അധികാരം നിയന്ത്രിക്കാന്‍
കൊണ്ടുവന്ന 1976 ലെ 42 മത്
ഭേദഗതിയിലെ പാർലമെന്റിനു സമ്പൂർണ്ണ അധികാരം കിട്ടുന്ന ആർട്ടിക്കിൾ 368 ലെ 4 , 5
ഉപവകുപ്പുകൾ സുപ്രീം കോടതി മിനർവാ
മിൽസ് കേസിൽ റദ്ദാക്കുകയും ഭരണഘടനയുടെ ബെയിസിക്ക് സ്റ്റാർക്ച്ചറിനെ ഭേദഗതി
ചെയ്യുന്നതിൽ നിന്നും തടയുകയും കേശവാനന്ദ ഭാരതി കേസിൽ പറഞ്ഞിട്ടുള്ള ഭേദഗതി
ചെയ്യുമ്പോൾ പാലിക്കേണ്ട ഗൈഡ്‌ലൈൻസുകൾ വീണ്ടും ഊട്ടി ഉറപ്പിക്കുകയും
ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ ആർട്ടിക്കിൾ 14 എന്ന സമത്വത്തിനുള്ള അവകാശത്തിലോ, റൈറ്റ്
ടു വേർഷിപ്പെന്ന വകുപ്പിന്റെ പരസ്പര വിരുദ്ധമായി റെസ്ട്രിക്ഷൻസ് ഇമ്പോസ് ചെയ്യാൻ
സാധിക്കില്ല . സമത്വത്തിനു മേൽ
ഒരുതരത്തിലുള്ള റീസണിബിൽ റെസ്ട്രിക്ഷൻസും പാടില്ല അത് റിലീജ്യസ് റൈറ്റ്സ്
ആണെങ്കിൽകൂടി അങ്ങനെ വരുമ്പോൾ ഈ ലിംഗ വിവേചനവും, ആർട്ടിക്കിൾ
15 ലോ, 14 ലോ ഇതുമായി
ബന്ധപ്പെട്ട് തൊടാൻ പോലും സാധിക്കില്ല.
❓രണ്ടു സംശയങ്ങള്‍
.
1. ഭരണഘടന ബെഞ്ച് വിധിച്ച വിധിക്ക്
റിവ്യൂ പെറ്റിഷന്‍ സ്വീകരിച്ച എത്ര കേസുകള്‍ ഉണ്ട് എന്ന് പറയാമോ? അതില്‍ മൌലിക അവകാശങ്ങളെപ്പറ്റിയുള്ള എത്ര ഉണ്ട് എന്നും?❓
2. താഴെയുള്ള വീഡിയോയില്‍ ജെ സായി ദീപക്
സര്‍ക്കാര്‍ കൊടുക്കുന്ന പണം വാടക ആണെന്നും, ആര്ടിക്കില്‍
27 പ്രകാരം സര്‍ക്കാരിന് മത സ്ഥാപനങ്ങളുടെ
ഉടമസ്ഥത പറ്റില്ല എന്നും പറയുന്നു. ഇതൊന്നു വിശദീകരിക്കാമോ?
👉 റിവ്യൂ
പെറ്റിഷനുകളുടെ വേർതിരിച്ചുള്ളകണക്കുകൾ ലഭ്യമല്ലെങ്കിലും ഒരു സിവിൽ റിവ്യൂ പെറ്റിഷനുകളുടെ
വിജയസാധ്യത തുലോം കുറവാണു. അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നു തന്നെ പറയാം കാരണം A
judgement once delivered is final. എന്നാണ് സുപ്രീം കോടതി
പറഞ്ഞിട്ടുള്ളത്. അത് ചില അസാധാരണ ഘട്ടങ്ങളിൽ മാത്രമേ സ്വീകരിക്കുകപോലുമുള്ളൂ.
അതുകൊണ്ടാണല്ലോ ബൈ സർക്കുലേഷൻ നടത്തി ചേംബർ ഹിയറിങ് എന്നൊരു രീതി തന്നെ
അവലംഭിച്ചിട്ടുള്ളത് . പ്രത്യേകിച്ച് 12 വർഷകൾകാലം
നീണ്ടുപോയ ഒരു കേസിലെ വിധിയിൽ.
രണ്ടാമത്തെ ചോദ്യം ആർട്ടിക്കിൾ 27 പ്രകാരം ആരാധനാലയങ്ങളുടെ
ഉടമസ്ഥാവകാശം സർക്കാരിനില്ല എന്നാണോ. അതിനു കൂടുതൽ വിശദീകരണമൊന്നും വേണ്ട.
അയോദ്ധ്യ കേസിലെ ലാൻഡ് അക്വിസിഷനുമായി ബന്ധെപ്പട്ട ഇസ്മായിൽ ഫാറൂഖി കേസിൽ സുപ്രീം
കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി മാത്രം പരിശോധിച്ചാൽ മതി.
പള്ളികൾ ഇസ്ലാമിലെ അവിഭാജ്യ ഘടകമല്ല
എന്ന നിരീക്ഷണം പോലും ഇടം പിടിച്ച വിധിയായിരുന്നു അത്. ആ വാക്കുകൾ മാറ്റണമെന്ന
ആവശ്യം പോലും കഴിഞ്ഞ ഒരാഴ്ച മുൻപ് അയോദ്ധ്യ ടൈറ്റിൽ കേസ് പരിഗണിക്കുമ്പോൾ മൂനാംഗ
ബെഞ്ച് അംഗീകരിച്ചിട്ടില്ല. അന്ന് ബാബരി
മസ്ജിദ് പൊളിക്കാത്തതിന് ശേഷം കേന്ദ്ര സർക്കാർ നിയമം പാസാക്കി 62 ഏക്കർ സ്ഥലം പള്ളിയിരുന്ന സ്ഥലവും, രാമൻ
ജനിച്ച സ്ഥലവും എല്ലാം ഉൾപ്പെടെ ഏറ്റെടുത്തപ്പോൾ ശരീഅത്ത് നിയമ പ്രകാരം
സർക്കാരിന്റേതല്ല അല്ലാഹുവിന്റെ സ്വത്താണ് പള്ളികൾ എന്നുള്ള വാദങ്ങൾ ഇസ്ലാമിക്
നിയമങ്ങൾ വെച്ച് വാദിച്ചിട്ടും സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അത് തള്ളുകയും
സർക്കാരിന്റെ ഏറ്റെടുക്കൽ ശരിവെക്കുകയും. എല്ലാ ആരാധനാലയങ്ങളും ഭരണഘടനക്ക്
അനുസൃതമാണെന്നും മതത്തിൽ വിശ്വസിക്കാനും, പ്രചരിപ്പിക്കാനും,
ആരാധിക്കാനും, ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും മാനേജ്
ചെയ്യാനുമുള്ള അവകാശം അബ്‌സോല്യൂട്ട് അധികാരമില്ല എന്നും ആത്യന്തികമായി എല്ലാ
ആരാധനാലയങ്ങളിലും സർക്കാരിന് അവക്ഷമുണ്ടെന്നും അസന്നിഗ്ധമായി
പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയ്ക്കും അതെല്ലാം ബാധകമാണ് .
എഴുത്ത് : അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന!
Comments
Post a Comment